കിഫ്ബി മസാല ബോണ്ടിലൂടെ നേടിയ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ഇ.ഡി റിപ്പോര്‍ട്ട് . ഭൂമി ഏറ്റെടുക്കല്‍ രേഖകളില്‍ മുഖ്യമന്ത്രി ഒപ്പിട്ടത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെയും കിഫ്ബി സി.ഇ.ഒ കെ.എം ഏബ്രഹാമിന്റെയും അറിവോടെയാണെന്നും ഇഡി പറയുന്നു. മസാല ബോണ്ടിലൂടെ നേടിയ വിദേശ വാണിജ്യ വായ്പയുപയോഗിച്ച് അയ്യായിരം ഏക്കറിലേറെ ഭൂമി വാങ്ങിയെന്നും ഇതില്‍ ‘ഫെമ’ ചട്ടത്തിന്റെ ലംഘനം ഉണ്ടെന്നുമാണ് ഇഡി കണ്ടെത്തല്‍. പാലക്കാടും കണ്ണൂരും വ്യാവസായ പാര്‍ക്കുകള്‍ക്കായി ഭൂമി ഏറ്റെടുത്തു. ഭൂമിക്കായി 466 കോടി രൂപയാണ് ചെലവിട്ടത്. ദേശീയപാത, കുടിവെള്ളം, റെയില്‍ പദ്ധതികള്‍ക്കായാണ് ഭൂമി ഏറ്റെടുത്തത്. ഇടപാടിന്റെ വിവരങ്ങള്‍ റിസര്‍വ് ബാങ്കാണ് ഇ.ഡിക്ക് കൈമാറിയത്. തുടര്‍ന്ന് കിഫ്ബി ജോയന്റ് ഫണ്ട് മാനേജരെയും സിഇഒ കെ.എം.ഏബ്രഹാമിനെയും ചോദ്യം ചെയ്തശേഷമാണ് ഇഡി റിപ്പോര്‍ട്ട് തയാറാക്കിയത്. ഇഡി അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം മനോരമ ന്യൂസിന് ലഭിച്ചു.
ഫെമ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കുള്‍പ്പടെ ഇഡി നോട്ടിസ് നല്‍കിയിരുന്നു. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലായാണ് ഇഡിയുടെ നടപടി. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇഡി പറയുന്നത്. 2019 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് നടപടി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.
വിവാദങ്ങള്‍ക്കിടെ കിഫ്ബിയെ പ്രശംസിച്ചും വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ നടന്ന പ്രവാസി സംഗമത്തിലാണ് കിഫ്ബിയെ മുഖ്യമന്ത്രി പ്രശംസിച്ചത്. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുത്തു നൽകാത്തതിന്റെ പിഴ അടച്ചതു പോലും കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. കിഫ്ബി ഉൾപ്പടെ കഴിഞ്ഞ 10 വർഷത്തിൽ 1.5 ലക്ഷം കോടി രൂപ സർക്കാർ ചെലവഴിച്ചെന്നും അതിന്റെ മാറ്റങ്ങളാണ് കേരളത്തിൽ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.