പാലക്കാട് ഉപതിരഞ്ഞെടുപ്പിലേതിന് സമാനമായി നിലമ്പൂരിലും ട്രോളി ബാഗ് പരിശോധനാവിവാദം. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വടപുറത്ത് വച്ച് ഷാഫി പറമ്പിലിന്‍റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കാര്‍ തടഞ്ഞ് പൊലീസ് ബാഗുകള്‍ പരിശോധിച്ചത്. പി.കെ.ഫിറോസും വാഹനത്തിലുണ്ടായിരുന്നു. ഷാഫിയും രാഹുലും പൊലീസിനോട് കയര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.
വണ്ടിയില്‍ നിന്നിറങ്ങി പെട്ടി കാണിക്കാന്‍ പൊലീസ് പറഞ്ഞുവെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. 'പുറത്ത് നിന്ന് കണ്ടപ്പോള്‍ ആ മതി പോട്ടെ എന്ന് പറഞ്ഞു. ഇതോടെ പെട്ടി പരിശോധിച്ചേ പറ്റൂ എന്ന് നിലപാടെടുത്തുവെന്നും പരിശോധനയായിരുന്നില്ല ലക്ഷ്യ'മെന്നും ഷാഫി പറഞ്ഞു. അപമാനിക്കുകയാണ് പൊലീസ് ചെയ്തതെന്ന് എംപിയുടെ മുഖത്ത് ടോര്‍ച്ചടിച്ചുവെന്നും രാഹുല്‍ മാങ്കൂട്ടത്തിലും ആരോപിച്ചു. ടോര്‍ച്ച് കൊണ്ടാണ് വണ്ടിയില്‍ നിന്നിറങ്ങാന്‍ ആംഗ്യം കാണിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഡിഎഫ് നേതാക്കളുടെ പെട്ടികള്‍ മാത്രമാണ് പരിശോധിക്കുന്നതെന്നും പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ആസൂത്രിതമായ നടപടിയാണിതെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പെട്ടി പരിശോധിച്ച് ജയിക്കാമെന്ന് കരുതേണ്ടെന്ന് ആര്യാടന്‍ ഷൗക്കത്തും പ്രതികരിച്ചു.
എന്നാല്‍ പതിവ് വാഹനപരിശോധനയാണ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ലീഗ് എം.പി അബ്ദുല്‍ വഹാബിന്‍റെയും കെ.രാധാകൃഷ്ണന്‍ എംപിയുടെയും വാഹനങ്ങള്‍ പരിശോധിച്ചുവെന്നും അസ്വാഭാവികമായി ഒന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.