mv-govindan-nilambur-bag

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും വാഹനപരിശോധനയില്‍ എല്‍ഡിഎഫ് ഇടപെടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ജോലി ചെയ്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ഷാഫിയുടെയും രാഹുലിന്‍റെയും നടപടി താന്തോന്നിത്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങള്‍ രാജാക്കന്‍മാരാണെന്നൊന്നുമില്ല, എല്‍ഡിഎഫുകാരുടെ വാഹനവും പരിശോധിച്ചിട്ടുണ്ട്. പരിശോധിക്കട്ടെ. അതില്‍ ഞങ്ങള്‍ക്കൊരു തടസവുമില്ല ഉദ്യോഗസ്ഥന്‍മാര്‍ അവരുടെ പണിയല്ലേ എടുക്കുന്നത്. തിരഞ്ഞെടുപ്പ്  കമ്മിഷന്‍റെ ഭാഗമായുള്ള പരിശോധന ഉണ്ടാകും. അതിന്‍റെ ഭാഗമായി നിരവധി വാഹനങ്ങള്‍  പരിശോധിച്ചിട്ടുണ്ട്. അതിലെന്താണ് അത്ഭുതം' എന്നും ഗോവിന്ദന്‍ ചോദിച്ചു. 

തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ പല നാടകങ്ങളും നടക്കുമെന്നായിരുന്നു സ്ഥാനാര്‍ഥിയായ  എം.സ്വരാജിന്‍റെ പ്രതികരണം. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ല. വികസനം പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടുതേടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സാധാരണ പരിശോധന മാത്രമാണ് ഉണ്ടായതെന്നും എല്ലാ വാഹനങ്ങളും പരിശോധിച്ചുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്നും രാവിലെ മുതല്‍ വാഹനങ്ങള്‍ പരിശോധിച്ചു. ലീഗ് എംപി അബ്ദുല്‍ വഹാബിന്‍റെയും കെ. രാധാകൃഷ്ണന്‍ എംപിയുടെയും എം ലിജുവിന്‍റെയുമെല്ലാം വാഹനങ്ങള്‍ പരിശോധിച്ചുവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്നലെ രാത്രിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വടപുറത്ത് വച്ച് ഷാഫി പറമ്പിലിന്‍റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കാര്‍ തടഞ്ഞ് പൊലീസ് ബാഗുകള്‍ പരിശോധിച്ചത്. പി.കെ.ഫിറോസും വാഹനത്തിലുണ്ടായിരുന്നു. ഷാഫിയും രാഹുലും പൊലീസിനോട് കയര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പൊട്ടിമുളച്ച് എംഎല്‍എയും എംപിയും ആയതല്ല തങ്ങളെന്ന് ഷാഫി പറമ്പില്‍ പൊലീസിനോട് പറയുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. അപമാനിക്കുകയായിരുന്നു പൊലീസിന്‍റെ ലക്ഷ്യമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ആരോപണം. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.  പരിശോധനയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഗൂഢാലോചനയുണ്ടെന്നുമായിരുന്നു യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. 

ENGLISH SUMMARY:

CPM State Secretary M.V. Govindan has slammed the behavior of UDF leaders Shafi Parambil and Rahul Mankootathil during a car check in Nilambur, calling it "arrogance." He stated that the Election Commission is simply doing its job and LDF will not interfere with vehicle inspections, emphasizing that even LDF vehicles have been checked.