nilambur-ele

TOPICS COVERED

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്  പ്രചാരണത്തിൽ രണ്ടാം ദിവസവും മൂർച്ച കൂട്ടി ജമാഅത്തെ ഇസ്ലാമി, പിഡിപി ബന്ധം. വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫിനെ നിലമ്പൂരിലെ ഓരോ വേദിയിലും കടന്നാക്രമിക്കുകയാണ് ഇടതു നേതാക്കൾ. ഇടതു സ്ഥാനാർഥിക്ക് പിഡിപി നൽകുന്ന പിന്തുണ വേണ്ടെന്നു പറയുമോ എന്നാണ് യുഡിഎഫ് ഉയർത്തുന്ന ചോദ്യം.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിലെ ആഞ്ഞടിക്കാവുന്ന ആയുധമായാണ് ഇടതുപക്ഷം യുഡിഎഫിന് ജമാഅത്തെ ഇസ്ലാമി നൽകുന്ന പിന്തുണയെ നോക്കിക്കാണുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി  എൽഡിഎഫിന് ഒരു കാലത്തും ബന്ധമില്ലെന്നും അൻവറിനെ ഒപ്പം കൂട്ടാത്തവർ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.

ജമാഅത്തെ ഇസ്ലാമിയുമായി നേരിട്ട് പോയി ചർച്ച നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വെൽഫെയർ പാർട്ടിയെ യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ ചർച്ച നടത്തിയിട്ടില്ലെന്നും പിഡിപി - എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് നിലമ്പൂരിൽ അവസാനിപ്പിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. പിഡിപി ആണോ വെൽഫെയർ പാർട്ടിയാണോ വർഗീയ പാർട്ടി എന്ന് ജനം വിലയിരുത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു.

മുസ്ലിംലീഗിന്‍റെയും യുഡിഎഫിന്‍റെയും നയ രൂപീകരണം നടത്തുന്നത് ജമാഅത്തെ ഇസ്ലാമിയാണോ എന്ന ആക്ഷേപത്തെ തള്ളിക്കളയാൻ ആവില്ലെന്ന് എം. സ്വരാജ്.  എൽഡിഎഫിനൊപ്പം നിൽക്കുമ്പോൾ മതേതരവാദികൾ, അല്ലെങ്കിൽ ഭീകരവാദികൾ എന്ന ധാരണയാണ് ഇടതുപക്ഷത്തിനെന്ന് ആര്യാടൻ ഷൗക്കത്ത്.

 നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ ഇനിയുള്ള പ്രചാരണ ദിവസങ്ങൾ എല്ലാം ഉയർന്നുനിൽക്കുന്ന പ്രധാന വിഷയം പിഡിപി, ജമാഅത്തെ ഇസ്ലാമി ബന്ധം തന്നെയാവും. നിലമ്പൂരിൽ വലിയ വോട്ട് സ്വാധീനം ഇല്ലാത്ത ഇരു സംഘടനകൾക്കും ഇതിലൂടെ വലിയ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നുമുണ്ട്

ENGLISH SUMMARY:

The Nilambur by-election campaign is heavily influenced by allegations of political ties between the UDF and Jamaat-e-Islami, and the Left Front's association with PDP. Both fronts are trading accusations, using these alliances as key electoral weapons. Despite their limited direct vote share, the controversy significantly elevates the political relevance of Jamaat-e-Islami and PDP in this crucial by-election