vd-slams-ldf-ministers

നിയമസഭയില്‍ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മന്ത്രിമാരെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭരണപക്ഷത്തിന്‍റെ ആക്രമണം താന്‍ ആസ്വദിക്കുകയാണെന്നും തന്‍റെ പിആര്‍ വര്‍ക്ക് ഇപ്പോള്‍ ഭരണപക്ഷത്തെ മന്ത്രിമാരാണ് ചെയ്യുന്നതെന്നും അത് തനിക്ക് ഗുണകരമാണെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. 'മന്ത്രിമാരുടെ ആക്രമണം ഞാന്‍ ആസ്വദിക്കുന്നു. ശത്രുക്കളാണ് എനിക്ക് സ്പേസ് ഉണ്ടാക്കി തരുന്നത്. അവര് നമ്മുടെ പടമൊക്കെ വച്ച് വ്യാപകമായി പ്രചാരണം നടത്തുമ്പോള്‍ എല്ലായിടത്തും ഇങ്ങനെ നിറഞ്ഞ് നില്‍ക്കുകയല്ലേ. എന്‍റെ പിആര്‍ മന്ത്രിമാരാണ് ചെയ്യുന്നതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്'- സതീശന്‍ പറഞ്ഞു.

അതേസമയം, യുഡിഎഫിന്‍റെ വാതില്‍ ആര്‍ക്ക് മുന്നിലും അടച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണിയുടെ ആശയങ്ങളോട് യോജിക്കുന്ന ആര്‍ക്കും ഇനിയും വരാമെന്നും ജോസ് കെ മാണിയുടെ വരവ് അടഞ്ഞ അധ്യായമാണോയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ അവരുടെ പുറകേ പോയിട്ടില്ല. അവരുമായി ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടത്തേണ്ട സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കും. ഒരു വാതിലും ഒരുതരത്തിലും അടയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപിമാര്‍ മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ജമാ അത്തെ ഇസ്​ലാമി മതരാഷ്ട്രവാദ ആശയം ഉപേക്ഷിച്ചത് കൊണ്ടാണ് അവരുടെ പിന്തുണ സ്വീകരിക്കുന്നതെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് ആണെന്നും വി.ഡി.സതീശന്‍ ആവര്‍ത്തിച്ചു. 

കേവലം പ്രതിപക്ഷമല്ല ഇപ്പോള്‍ ടീം യുഡിഎഫാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതെന്നും നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും ഇന്നലെ കാസര്‍കോട് പുതുയുഗ യാത്രയില്‍ സതീശന്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലെല്ലാം യുഡിഎഫിന് ബദല്‍ പദ്ധതികള്‍ ഉണ്ടെന്നും സാധാരണക്കാരുമായാകും ഈ യാത്രയില്‍ താന്‍ കൂടിക്കാഴ്ച നടത്തുകയെന്നും രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതുയുഗപ്പിറവിക്ക് യാത്ര സാക്ഷ്യം കുറിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് യുഡിഎഫിന്‍റെ പുതുയുഗ യാത്ര സമീപിക്കുക.

ENGLISH SUMMARY:

In a satirical response to the CPM's criticisms, Opposition Leader V.D. Satheesan stated that he enjoys the attacks from treasury benches as they provide him more public space. He mocked that ministers are effectively doing his PR work by constantly highlighting him through their campaigns. Regarding UDF expansion, Satheesan clarified that the front's doors are not closed to anyone who aligns with their ideology, specifically addressing questions about Jose K. Mani's return. He defended the UDF's association with Jamaat-e-Islami, claiming they renounced theocratic ideas and accused the CPM of hypocrisy on the matter. Ahead of the 2026 assembly elections, he expressed confidence in 'Team UDF' winning over 100 seats through the 'Puthuyuga Yathra.' The march, which started in Kasaragod, aims to present alternative development models and will conclude on March 7 in Thiruvananthapuram.