പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ സിപിഎമ്മിന് തിരിച്ചടിയായി പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത. ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്‍റും ചേരിതിരിഞ്ഞു ഏറ്റുമുട്ടുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിസന്ധിയാകുമെന്നുറപ്പായി. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്നാണ് വിമതവിഭാഗം അറിയിച്ചത്.
സംസ്ഥാനത്ത് തന്നെ വിഭാഗീയതയില്‍ പാര്‍ട്ടിക്കേറെ തലവേദനയുണ്ടാക്കിയ മേഖലയാണ് കൊഴിഞ്ഞമ്പാറ. പഞ്ചായത്ത് പ്രസിഡന്‍റ് എം.സതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘവും പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി അരുണ്‍പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘവും. വിഭാഗീയത തെരുവിലേക്ക് വരെ പടര്‍ന്ന നാട്ടില്‍ ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിന് നേരെ നൂറുകണക്കിനാളുകള്‍ അണി നിരന്ന പ്രതിഷേധ റാലിയും സമാന്തര പാര്‍ട്ടി ഓഫിസ് നിര്‍മാണവും വരെയെത്തിയിരുന്നു
പലതവണ അനുനയത്തിനുള്ള നീക്കം നടത്തിയെങ്കിലും വിഭാഗീയത കത്തിതന്നെ നിന്നു. ഏറ്റവുമൊടുവിലാണ് സതീഷ് പക്ഷത്തിനൊപ്പം നില്‍ക്കുന്ന മുന്‍ പഞ്ചായത്തംഗം വിജയാനന്ദന്‍റെ വീട്ടിലേക്കുള്ള പാത അരുണ്‍പ്രസാദ് ഇടപെട്ട് പൊളിച്ചുവെന്ന ആരോപണം ഉയര്‍ന്നത്.
ആരോപണം അരുണ്‍പ്രസാദ് നിഷേധിച്ചിരുന്നു. കൊഴിഞ്ഞമ്പാറ പാല്‍ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ വിമതപക്ഷത്തിന്‍റെ പാനല്‍ വിജയിച്ചതിന്‍റെ അമര്‍ഷമാണ് പിന്നിലെന്നാണ് വിമതവിഭാഗത്തിന്‍റെ ആരോപണം. വിഷയം കടുത്ത തര്‍ക്കത്തിലേക്ക് നീങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്‍നം രൂക്ഷമാകുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നിന്ന് നേരിടാനാണ് വിമതപക്ഷത്തിന്‍റെ തീരുമാനം. അങ്ങനെയെങ്കില്‍ പടലപിണക്കത്തിനു കനം കൂടുമെന്നുറപ്പാണ്.