സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ബിനോയ് വിശ്വത്തിന് എടുത്താല്‍ പൊങ്ങാത്തതെന്ന വിമര്‍ശനവുമായി പാര്‍ട്ടി സമ്മേളനകാലത്ത് നേതാക്കള്‍. ബിനോയ് വിശ്വം നാണം കെട്ട് ഇറങ്ങിപ്പോകുമെന്ന് എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്‍. ബിനോയിയുടെ സഹോദരി പാര്‍ട്ടിയില്‍ ഇടപെടുന്നെന്ന് സംസ്ഥാന നിര്‍വാഹക സമിതിയംഗം കമല സദാനന്ദന്‍ ആക്ഷേപിച്ചു. നേതാക്കളുടെ ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിട്ടു
സി.പി.ഐയില്‍ വിഭാഗീയത കൊടികുത്തി വാഴുന്ന എറണാകുളത്തുനിന്നാണ് നേതാക്കളുടെ അടക്കംപറച്ചില്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവരുന്നത്. കമല സദാനന്ദനും കെ.എം.ദിനകരനും യാത്രക്കിടെ പറയുന്ന കാര്യങ്ങളാണ് ശബ്ദരേഖയുടെ ഉള്ളടക്കം. വിഭാഗീയതയുടെ പേരില്‍ കെ.പി.വിശ്വനാഥനെതിരെ നടപടിയെടുക്കുന്നത് സംസാരിച്ചാണ് തുടക്കം. പാര്‍ട്ടിയില്‍ പോലും ഇതുവരെ ഉയരാത്ത ആക്ഷേപമാണ് കമല സദാനന്ദന്‍ ബിനോയിയുടെ സഹോദരിയെപറ്റി പറഞ്ഞതെന്ന് സി.പി.ഐ നേതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ കമല പറയുന്ന കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന വിമര്‍ശനങ്ങളാണ്. മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിന്‍റെ മരണത്തെ തുടര്‍ന്ന് ജില്ലാ നേതൃത്വത്തിനെതിരെ കലാപമുണ്ടായപ്പോള്‍ ബിനോയ് വിശ്വം സ്വീകരിച്ച നിലപാടിനെ മറ്റൊരു നേതാവ് കടുത്തഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ കൂടിക്കൊടുക്കുന്നുണ്ട് ദിനകരന്‍.
കമല സദാനന്ദനും കെ.എം.ദിനകരനും വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ഇരുവരും ചേര്‍ന്ന് തുറന്നുവിട്ട ഭൂതം വരുന്ന ജില്ലാ സമ്മേളനങ്ങളെയും സംസ്ഥാന സമ്മേളനത്തെയും ഗ്രസിക്കുമെന്നതില്‍ സംശയം വേണ്ട.