pinarayi-vijayan-ak-saseendran

നിലമ്പൂരില്‍ പന്നികെണിയില്‍ നിന്നും ഷോക്കേറ്റ് കുട്ടി മരിച്ചതില്‍ ഗൂഢാലോചന ആരോപിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രന്‍റെ  പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. എ.കെ.ശശീന്ദ്രനെ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അമര്‍ഷം അറിയിച്ചു. ഉപതിരഞ്ഞെടുപ്പുകാലത്ത് മന്ത്രി മുന്നണിയെ പ്രതിസന്ധിയിലാക്കി. പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. പന്നിക്കെണിക്ക് പിന്നില്‍ യുഡിഎഫ് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. 

Also Read: വിദ്യാര്‍ഥിയുടെ മരണം: രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി; രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് സ്വരാജ്

മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വനംമന്ത്രി നിലപാട് തിരുത്തി. ‘കുട്ടി മരിച്ചതില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞിട്ടില്ല, മരണത്തെ രാഷ്ട്രീയമായി മുതലെടുത്തു എന്നാണ് പറഞ്ഞത്. പ്രസ്താവന വളച്ചൊടിച്ചെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.  

വനംവകുപ്പിനെയും മന്ത്രിയെയും ഒറ്റപ്പെടുത്താന്‍ ഗൂഢാലോചനയുണ്ട്. മാധ്യമവാര്‍ത്തകള്‍ കണ്ടാണ് പ്രതികരണം നടത്തിയത്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകം എന്നുപറഞ്ഞില്ലേ? ‘സര്‍ക്കാര്‍ ഒരാളെ കൊല്ലാന്‍ പ്ലാന്‍ ചെയ്തോ എന്നും ശശീന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

പന്നിക്കെണി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയ വിവാദമെന്നാന്നായിരുന്നു എ.കെ.ശശീന്ദ്രന്‍റെ ആരോപണം. അപകടം നാട്ടുകാര്‍ അറിയും മുന്‍പേ നിലമ്പൂരിലെ യുഡിഎഫ് അറിഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കും. നിലമ്പൂരില്‍ യുഡിഎഫിന് വിഷയദാരിദ്യമെന്നും പ്രചാരണത്തെ ഉണര്‍ത്താന്‍ വിവാദം ഉണ്ടാക്കിയോ എന്ന സംശയത്തിന് യുക്തിയുണ്ടെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Kerala CM Pinarayi Vijayan expresses displeasure over Forest Minister A.K. Saseendran’s remarks linking UDF to Nilambur child death by wild boar trap.