വനം മന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വനംമന്ത്രി വൃത്തികെട്ട ആരോപണമാണ് ഉന്നയിക്കുന്നതെന്നും സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിവരം മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. നിലമ്പൂരില്‍ പന്നിയെ കുടുക്കാന്‍ വച്ച വൈദ്യൂതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്. കുട്ടികള്‍ക്ക് ഷോക്കേറ്റ സംഭവം നിലമ്പൂരില്‍ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഒരു സംഭവം നടന്നാല്‍ ആരായിരിക്കും ഗുണഭോക്താക്കള്‍ എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനെതിരെയാണ് വി.ഡി സതീശന്‍ രംഗത്ത് എത്തിയത്. ‘കോണ്‍ഗ്രസ് കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. പാലക്കാട് നീലപ്പെട്ടി, നിലമ്പൂരില്‍ പന്നിക്കെണി. ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണം എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന എന്ന ആരോപണം ഉന്നയിച്ചത്. പ്രതി കോണ്‍ഗ്രസ് ആണെങ്കില്‍ യുഡിഎഫ് ഗൂഢാലോചന നടത്തി എന്നാണോ. മരിച്ചത് കോണ്‍ഗ്രസ് കുടുംബത്തിലെ കുട്ടി. യുഡിഎഫ് നടത്തിയത് സ്വാഭാവിക പ്രതിഷേധം’ സതീശന്‍ പറഞ്ഞു.
‘ആ കുഞ്ഞിന്റെ മരണത്തില്‍ എല്ലാവരും വിഷമിക്കുമ്പോള്‍ തിരഞ്ഞെടുപ്പിനോട് അതിനെ കൂട്ടിക്കെട്ടുന്ന ഹീനമായ ആരോപണം വനം മന്ത്രി പിന്‍വലിക്കണം. അല്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ച് ഇറങ്ങിപ്പോകണം. അദ്ദേഹം ഈ കസോരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. വനം വകുപ്പ് ഒരു പണിയും ചെയ്യുന്നില്ല. മാനന്തവാടിയില്‍ കടുവ ഒരു സ്ത്രീയെ കൊന്ന് ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ അദ്ദേഹം കോഴിക്കോട് ഫാഷന്‍ ഷോയില്‍ പാട്ട് പാടുകയായിരുന്നു.’– വി.ഡി സതീശന്‍