vd-satheesan-04

യുഡിഎഫ് ഭരണകാലത്തെ പരിഹസിക്കുന്ന സര്‍ക്കാര്‍ പത്രപ്പരസ്യത്തിനെതിരെ നിയമനടപടി എടുക്കുമെന്ന് പ്രതിപക്ഷം. പിആര്‍ഡിയെ വച്ചുനടത്തുന്നത് ഹീനമായ പ്രചാരണ തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ്. മുന്‍ സര്‍ക്കാരിനെ കുറ്റം പറയലല്ല പിആര്‍ഡിയുടെ പണിയെന്നും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് മറുപടി പറയിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.  

പിആർഡി ചെലവിൽ  ഉമ്മൻചാണ്ടി സർക്കാരിനെതിരെ സർക്കാർ നൽകിയ പത്രപരസ്യം വിവാദത്തിൽ. പരസ്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷം. മുൻ സർക്കാരിനെതിരെ തരംതാണ രാഷ്ട്രീയ പ്രചാരണത്തിന് കൂട്ടുനിന്ന പിആർഡി ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്. പത്രങ്ങളിൽ വാർത്ത എന്ന നിലയ്ക്കാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിനെയും 10 വർഷത്തെ ഇടതു ഭരണത്തെയും താരതമ്യം ചെയ്തുള്ള പരസ്യം.

മലയാള ഇംഗ്ലീഷ് പത്രങ്ങളിൽ രണ്ടു പേജുകളിലായിട്ടാണ് പിആർഡി പരസ്യം. ഒരു പേജിൽ ഉമ്മൻചാണ്ടി സർക്കാറിനെതിരായ കാര്യങ്ങൾ വാർത്ത രൂപത്തിൽ നൽകിയിരിക്കുന്നു. മറ്റൊരു പേജിൽ 10 വർഷത്തെ പിണറായി ഭരണത്തിന്റെ നേട്ടങ്ങളും വാർത്ത രൂപത്തിൽ.  പിആർഡി ചെയ്തത് തരംതാണ നടപടിയാണെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ്. മരണശേഷവും ഉമ്മൻചാണ്ടിയെ വേട്ടയാടുകയാണ് സർക്കാരെന്നും പൊതുപണം ധൂർത്തടിച്ച് പ്രതിച്ഛായ തിരിച്ചുപിടിക്കാനാണ് ശ്രമമെന്നും കെ സി വേണുഗോപാൽ.

ഏതു സർക്കാരിന്റെയും ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനാണ് സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന പിആർഡി. നിലവിൽ ഭരിക്കുന്ന സർക്കാരിൻറെ ഭരണ നേട്ടങ്ങൾ പരസ്യമായി നൽകുന്നത് സ്വാഭാവികം. എന്നാൽ മുൻ സർക്കാരിനെതിരെ രാഷ്ട്രീയപ്പാർട്ടികൾ ഉയർത്തുന്ന വിമർശനങ്ങളും എതിർപ്പുകളും പൊതുപണം ഉപയോഗിച്ച്  പ്രചരിപ്പിക്കാൻ പിആർഡിക്ക് കഴിയുമോ...? ഈ നിയമപ്രശ്നമാണ് പരസ്യത്തിൽ ഉയരുന്നത്. വാർത്തയായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകുന്നതിന്റെ ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു. ഈ രണ്ടു കാര്യങ്ങളും ഉയർത്തിആയിരിക്കും പരസ്യത്തിനെതിരെ പ്രതിപക്ഷം നിയമ രാഷ്ട്രീയ പോരാട്ടം നടത്തുക.

ENGLISH SUMMARY:

Kerala Opposition Leader V.D. Satheesan has warned of legal action against a government newspaper advertisement that criticizes the previous UDF government. He accused the government of misusing the Public Relations Department and taxpayers’ money for propaganda. Congress leader K.C. Venugopal also criticized the advertisement, calling it a waste of public funds and alleging that it disrespects former Chief Minister Oommen Chandy.