പന്നിക്കെണി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയ വിവാദമെന്ന ആരോപണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. അപകടം നാട്ടുകാര്‍ അറിയും മുന്‍പേ നിലമ്പൂരിലെ യുഡിഎഫ് അറിഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കും. നിലമ്പൂരില്‍ യുഡിഎഫിന് വിഷയദാരിദ്യമെന്നും പ്രചാരണത്തെ ഉണര്‍ത്താന്‍ വിവാദം ഉണ്ടാക്കിയോ എന്ന സംശയത്തിന് യുക്തിയുണ്ടെന്നും എ.കെ.ശശീന്ദ്രന്‍. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന മട്ടില്‍ വനംവകുപ്പിനെ പഴിചാരുന്നുവെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
വനംമന്ത്രി പറഞ്ഞതുപോലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്‍ഡിഎഫിനെ കടന്നാക്രമിക്കാന്‍ ദാരുണമായ സംഭവങ്ങള്‍ ഉപയോഗിക്കുന്നു. അപകടമുണ്ടാക്കാന്‍ ബോധപൂര്‍വം നടത്തിയ പ്രവൃത്തിയാണ്. പന്നിയെ പിടിക്കാന്‍ മാത്രമല്ല. പ്രതിയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. സംഭവം നടന്നയുടന്‍ എല്‍ഡിഎഫ് നേതാക്കളുടെ വാഹനം തടയുന്നത് എങ്ങനെയാണ്. യുഡിഎഫ് പ്രതിേഷധം സ്വഭാവികമാണെന്ന് ആരും ധരിക്കേണ്ടെന്നും എം.വി. ഗോവിന്ദന്‍.
എന്നാല്‍ ഗൂഢാലോചനയെന്ന വനംമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്ന് മരിച്ച അനന്ദുവിന്‍റെ വീട് സന്ദര്‍ശിച്ച എം.സ്വരാജ് പറഞ്ഞു. പന്നിക്കെണി മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ക്രൂരതയാണ്. നിയമവിരുദ്ധമായ പ്രവര്‍ത്തിയെ തുടര്‍ന്നുള്ള അപകടമാണെന്നും അത് വച്ച് മുതലെടുക്കരുതെന്നും സ്വരാജ് പറഞ്ഞു.
പന്നിക്കെണി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന മന്ത്രിയുടെ പ്രസ്താവന വേദനിപ്പിച്ചെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു. വിഷയം നിലമ്പൂരില്‍ യുഡിഎഫ് ഉയര്‍ത്തേണ്ട ആവശ്യമില്ല. തനിയെ ചര്‍ച്ചയാകുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.