എം.വി.ഗോവിന്ദനെ വീണ്ടും സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയാക്കിയത് തന്‍റെ ഇടപെടൽ മൂലമാണെന്ന അവകാശവാദവുമായി പി.വി. അൻവർ. അടുത്ത പാർട്ടി സെക്രട്ടറിയായി പി ശശിയെ കൊണ്ടുവരാനായിരുന്നു മുഖ്യമന്ത്രിയുടെ ആഗ്രഹം. ആ തണലിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ കയറ്റി നിർത്താനുമായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. ശശിയെക്കുറിച്ച് താന്‍ ആരോപണം ഉന്നയിച്ചതുകൊണ്ടാണ് സെക്രട്ടറി സ്ഥാനം നഷ്ടമായതെന്നും പി.വി.അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരമോ വനംവകുപ്പോ നല്‍കണമെന്ന് അന്‍വര്‍ പറഞ്ഞിരുന്നു.
അതേസമയം, നിലമ്പൂർ വെള്ളക്കട്ടയിൽ പന്നിക്കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചതിൽ പ്രതിഷേധം കനപ്പിക്കാൻ യുഡിഎഫ്. ഉപതിരഞ്ഞെടുപ്പ് സമയമായതിനാൽ അപകടത്തിന് വലിയ രാഷ്ട്രീയമാനമാണ് ലഭിച്ചിരിക്കുന്നത്. നേതാക്കളുമായി ആലോചിച്ച് തുടർസമരം ആസൂത്രണം ചെയ്യാനാണ് യുഡിഎഫ് നീക്കം. ഇന്നലെ രാത്രി റോഡ് ഉപരോധിച്ചാണ് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചത്. അനധികൃതമായി കെണിവെക്കാൻ കെ.എസ്.ഇ.ബി ഒത്താശ ചെയ്യുന്നുവെന്നും, വിദ്യാർഥിയുടെ മരണത്തിൽ സർക്കാർ മറുപടി പറയണമെന്നുമാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.
വെള്ളക്കട്ടയിൽ പന്നിക്കുവച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചത് രാഷ്ട്രീയ ആയുധമാക്കുന്ന യുഡിഎഫിനെ പ്രതിരോധിക്കാൻ എല്‍ഡിഎഫ്. അപകടത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് രാത്രി തന്നെ എ.വിജയരാഘവൻ വിമർശിച്ചു. ഇന്നത്തെ എന്‍ഡിഎഫ് പ്രചാരണത്തിൽ ഈ വിഷയത്തിൽ വിശദീകരണം ആവശ്യമാകും. കരളായി പഞ്ചായത്തിലാണ് ഇന്ന് LDFന്‍റെ സ്ഥാനാർഥി പര്യടനം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ മണ്ഡലത്തിലുണ്ട്.