manju-statement

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് നടി മഞ്ജു വാരിയരുടെ മൊഴി . വിവാഹമോചനത്തിലെത്താന്‍ കാരണം ദിലീപ്–കാവ്യ ബന്ധമാണെന്നായിരുന്നു മഞ്ജുവിന്റെ മൊഴി . ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. മഞ്ജുവിനെ അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചു. അതിജീവിതയെ ദിലീപിന് സംശയമുണ്ടായിരുന്നെന്നും മഞ്ജു മൊഴി നല്‍കി. 

നാല് വര്‍ഷം നീണ്ട ഗൂഡാലോചന

നടിയെ ആക്രമിക്കാന്‍  പള്‍സര്‍ സുനിയും ദിലീപും  ചേര്‍ന്ന് നടത്തിയത് നാല് വര്‍ഷം നീണ്ട ഗൂഡാലോചനയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഗൂഡാലോചനയില്‍ മാഡത്തിനും പങ്കെന്ന വിവരത്തില്‍ അന്വേഷണം കാവ്യാ മാധവനിലേക്കും നീണ്ടു. കുടുംബബന്ധം തകര്‍ത്തതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരണയെന്നാണ് കുറ്റപത്രം.

Also Read: ക്വട്ടേഷന്‍ ഒന്നരക്കോടിക്ക്; കേസായാല്‍ മൂന്നരക്കോടി; പണം നല്‍കിയതിന് തെളിവ്

പൊലീസിന്‍റെ കുറ്റപത്ര പ്രകാരം നടിയെ ആക്രമിക്കാനുള്ള ഗൂഡാലോചന ആരംഭിക്കുന്നത് 2013ല്‍. 

2013 മാര്‍ച്ച് 

സ്ഥലം: അബാദ് പ്ലാസ, കൊച്ചി

റൂം നമ്പര്‍ 410 

2013 മാര്‍ച്ച് 26 നും ഏപ്രില്‍ ഏഴിനുമിടയില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലെ 410ാം നമ്പര്‍ മുറിയില്‍  നടന്‍ ദിലീപും  പള്‍സര്‍ നടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തി. നടിയുടെ നഗ്ന വീഡിയോ ചിത്രീകരിക്കുമ്പോൾ ഇത് യഥാർഥമാണെന്ന് ഉറപ്പുവരുത്തണമെന്നും ഇത് ഫേക്ക്  ആകാൻ പാടില്ലെന്നും ദിലീപ് നിര്‍ദേശിച്ചുവെന്ന് പൊലീസിന്‍റെ കണ്ടെത്തല്‍. അമ്മയുടെ ഷോയുടെ റിഹേഴ്സല്‍ നടക്കുന്നതിനിടെയായിരുന്നു ആദ്യ ഗൂഢാലോചന. റിഹേഴ്സലിനിടെ കുടുംബബന്ധം തകര്‍ത്തത് സംബന്ധിച്ച് നടിയും ദിലീപും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതിന് ശേഷമായിരുന്നു ദിലീപ് പള്‍സര്‍ സുനി കൂടിക്കാഴ്ചയെന്ന് കുറ്റപത്രം. 

2015 നവംബർ 1

തൃശൂര്‍ ജോയ്സ് പാലസ് ഹോട്ടല്‍ 

മൂന്ന് വര്‍ഷം കഴിഞ്ഞ് ഗൂ‍ഡാലോചനയുടെ രണ്ടാംഘട്ടം. ജോയ്സ് പാലസ് ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ വെച്ച് ദിലീപ് പള്‍സര്‍ സുനിക്ക് പതിനായിരം രൂപ നല്‍കുന്നു. തൊട്ടടുത്ത ദിവസവും പതിനായിരം രൂപ കൈമാറി. ഇത് ക്വട്ടേഷന്‍റെ അഡ്വാന്‍സ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ ക്വട്ടേഷന്‍ നീണ്ട് പോയത് ജ്വല്ലറി ഉടമയെ ആക്രമിച്ച് പണംതട്ടിയ കേസില്‍ പള്‍സര്‍ സുനി ജയിലിലായതോടെ. 

2016 നവംബര്‍ 8

തോപ്പുംപടി സ്വിഫ്റ്റ് ജംക്ഷന്‍

എറണാകുളം തോപ്പുംപടി സ്വിഫ്റ്റ് ജംക്ഷനില്‍ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ തുടര്‍ ഗൂഡാലോചന.   

2016 നവംബർ 13

തൃശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് ക്ലബ്

തൃശൂർ കിണറ്റിങ്കല്‍ ടെന്നീസ് ക്ലബിൽ നിർത്തിയിട്ടിരുന്ന കാരവാനിന് പുറകിൽ വച്ച് ദിലീപും പള്‍സര്‍ സുനിയും വീണ്ടും കണ്ടുമുട്ടി. തെളിവായി ലൊക്കേഷനിലെ ചിത്രങള്‍. 

2017 ജനുവരി 

ഗോവ

നടിയെ ഗോവയില്‍ വെച്ച് ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനാണ് പള്‍സര്‍ സുനി ആദ്യംപദ്ധതിയിട്ടത്. രണ്ട് ദിവസങ്ങളിലായി ഇതിന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 

2017 ഫെബ്രുവരി 11

തമ്മനം

നെല്‍സന്‍റെ വീട് 

ജനുവരിയിലെ നീക്കം പരാജയപ്പെട്ടതോടെ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി  വിപുലമായ പദ്ധതി തയാറാക്കി. കേസിലെ നൂറാം സാക്ഷി നെല്‍സന്‍റെ തമ്മനത്തെ വാടക വീട്ടില്‍ സുഹൃത്തുക്കളുമായി ഇതിന്‍റെ ഗൂഡാലോചന. പള്‍സര്‍ സുനി, വി.പി. വിജീഷ്, വടിവാള്‍ സലിം, ചാത്തങ്കരി പ്രദീപ് എന്നിവര്‍ പങ്കെടുത്തു. സിനിമ പ്രൊമോഷനായി നടി പതിനേഴിന് കൊച്ചിയിലെത്തുമെന്ന് പള്‍സര്‍ സുനിക്ക് വിവരം ലഭിച്ചിരുന്നു. കുറ്റകൃത്യത്തിന്‍റെ മാസ്റ്റര്‍പ്ലാന്‍ തയാറായത് ഇവിടെ. 

ദിലീപിനൊപ്പം തന്നെ ഗൂഡാലോചനയില്‍ മാഡത്തിന്‍റെ പങ്കും സംശയിക്കപ്പെട്ടു. ആരാണ് മാഡമെന്നത് ഇപ്പോളും ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. 

2022 മേയ് 9 

കാവ്യാ മാധവനെ ചോദ്യം ചെയ്തു

കുറ്റകൃത്യം നടന്ന് അഞ്ചാംവര്‍ഷമായിരുന്നു കാവ്യയുടെ ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ചതിലും ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചന സംബന്ധിച്ചും ചോദ്യംചെയ്യല്‍ നീണ്ടത് നാലരമണിക്കൂര്‍. കാവ്യയുടെ മാതാപിതാക്കളും ഭര്‍തൃസഹോദരിയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്വേഷണസംഘത്തിന്‍റെ ചോദ്യമുനയിലെത്തി. കാവ്യയുടെ സ്ഥാപനം ‘ലക്ഷ്യ’യും നടിയെ ആക്രമിക്കപ്പെട്ട കേസിനോടൊപ്പം ചര്‍ച്ചയായി.

ENGLISH SUMMARY:

Dileep Kavya Relation is central to the actress assault case. Manju Warrier's statement highlights their relationship as a reason for the divorce and a key element in the ongoing investigation.