dileep-court

File photo

നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയാനിരിക്കെ കനത്ത സുരക്ഷ. കോടതിയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ക്കും  മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. സുരക്ഷയ്ക്ക് കൂടുതല്‍ പൊലീസിനെ വിന്യസിക്കും 

ഒന്നര കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി

നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ഒന്നര കോടി രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണ സംഘം. കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന് തെളിവുകളുണ്ട്. അന്വേഷണം അട്ടിമറിക്കാനായി വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ദിലീപാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ചികിത്സാ രേഖകൾ ഉണ്ടാക്കിയെന്നും അന്വേഷണസംഘം കണ്ടെത്തി

Also Read:  വിവാഹമോചനത്തിലെത്താന്‍ കാരണം ദിലീപ്–കാവ്യ ബന്ധം; നിര്‍ണായകമായി മഞ്ജു വാരിയരുടെ മൊഴി

പൾസർ സുനിയെ അറിയില്ലെന്ന് ദിലീപ് പറയുമ്പോഴും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് തെളിവുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഒന്നര കോടി രൂപയ്ക്ക് നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയത്. കേസായാൽ മൂന്നര കോടി തരാമെന്ന് ദിലീപ് പറഞ്ഞു. 2015ൽ ഒരു ലക്ഷത്തി പതിനായിരം രൂപ ദിലീപ് സുനിക്ക് നൽകി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ എത്തി. ദിലീപിന്റെ സുഹൃത്തും കേസിലെ സാക്ഷിയുമായ നദിർഷാ 30,000 രൂപ കൈമാറിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ഉണ്ടാക്കിയ 'ദിലീപിനെ പൂട്ടണം' എന്ന വ്യാജ വാട്സാപ്പ് ഗ്രൂപ്പിന് പിന്നിൽ ദിലീപ് തന്നെയാണെന്നും അന്വേഷണസംഘം കണ്ടെത്തി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തിതീർക്കാനായിരുന്നു ഇത്. മഞ്ജു വാര്യരുടെയും, എ.ഡി.ജി.പി ബി.സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ്. ഗ്രൂപ്പ് ഉണ്ടാക്കിയത് താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താൻ വേണ്ടിയാണ്. ഇരവാദമായിരുന്നു ദിലീപിന്റെ ലക്ഷ്യമെന്നും അന്വേഷണസംഘം കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും, ദിലീപും നേരിട്ട് ഫോൺ വിളിയോ സന്ദേശങ്ങളോ ഇല്ല. ഇത് ആസൂത്രിത നീക്കമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.  ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കാനായിരുന്നു ഇത്. കേസിന്റെ വിചാരണ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിനും തെളിവുകളുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ആസൂത്രിത നീക്കങ്ങൾ നടത്തി. സാക്ഷികളെ മൊഴി പഠിപ്പിക്കാൻ ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനായി വ്യാജ ചികിത്സാ രേഖകൾ ചമച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തി. കാവ്യമായുള്ള ബന്ധത്തിന്റെ പേരിൽ ദിലീപുമായി വീട്ടിൽ വഴക്കുണ്ടാകാറുണ്ടെന്നും അതാണ് വിവാഹമോചനത്തിലെത്തിയതെന്നും മഞ്ജു വാര്യർ മൊഴി നൽകിയിട്ടുണ്ട്. കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് തന്നെ ആദ്യം അറിയിച്ചത് അതിജീവിതയാണെന്ന് ദിലീപ് സംശയിച്ചിരുന്നുവെന്നും മഞ്ജുവിന്റെ നിർണായക മൊഴിയുണ്ട്. 

ENGLISH SUMMARY:

Dileep actress assault case verdict is set to be delivered amid tight security. The case involves allegations against actor Dileep related to conspiracy and evidence tampering, with key witnesses and financial transactions under scrutiny.