ശബരി റെയിൽ പദ്ധതിക്ക് കേന്ദ്രം വീണ്ടും പച്ചക്കൊടി കാട്ടിയതിൽ സന്തോഷം പങ്കിടുകയാണ്, പാത കടന്നുപോകുന്ന പ്രദേശങ്ങളിലുള്ളവർ. രണ്ടു പതിറ്റാണ്ടായി കാത്തിരിക്കുന്ന പദ്ധതി ഉടനെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വർഷങ്ങൾക്കു മുമ്പ് പദ്ധതി തുടങ്ങിവെച്ച എറണാകുളം ജില്ലയിലെ കാലടിയിൽ ജനങ്ങളുടെ ആവേശം ട്രാക്കിലായി കഴിഞ്ഞു. സാമൂഹ്യവിരുദ്ധരുടെ ശല്യം കൊണ്ട് തലവേദനയായി മാറിയ, ശബരി പാതയുടെ കാലടി റെയിൽവേ സ്റ്റേഷന്റെ മുഖം മാറ്റണം. ഏഴു കിലോമീറ്ററിൽ ചുരുണ്ടു പോയ ട്രാക്ക്, എരുമേലി വരെ ഉരുണ്ടെത്തണം.
ഭൂമി ഏറ്റെടുക്കൽ നടപടികൾ അടുത്തമാസത്തിൽ, തുടങ്ങുമെന്ന കേന്ദ്രത്തിന്റെ ഉറപ്പിൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം. ശബരി റെയിൽ പാത യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലുകൾ കൂട്ടായ്മകളും സംഘടിപ്പിക്കുന്നു.