കൊച്ചി കലൂരിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് അലിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാഞ്ഞിരപ്പള്ളി സ്വദേശി അഭിജിത്തിനെ കൊലപ്പെടുത്തിയ മുഹമ്മദ് അലിക്ക് ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. മുഹമ്മദ് അലിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടുന്ന ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു.
അഭിജിത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മുഹമ്മദ് അലിക്കായി ഒരു മാസമാണ് എറണാകുളം സെൻട്രൽ പൊലീസ് തിരച്ചിൽ നടത്തിയത്. പക്ഷെ പലയിടങ്ങളിലായി ഒളിവിൽ താമസിച്ച് ഇയാൾ പൊലീസിനെ കളിപ്പിച്ചു. ഒടുവിലൊരു സർജിക്കൽ സ്ട്രൈക്ക്. തമിഴ്നാട്ടിലെ ഒരു വീടിനുള്ളിൽ നിന്നും മുഹമ്മദ് അലിയെ സെൻട്രൽ പൊലീസ് തൂക്കി.
അഭിജിത്തും മുഹമ്മദലിയും സുഹൃത്തുക്കളായിരുന്നു. മദ്യപാനത്തിന് പിന്നാലെ നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. എറണാകുളം സെൻട്രൽ എസ്ഐ അനുപ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്. മുഹമ്മദ് അലിക്ക് ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.