നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്ന് പൂർത്തിയാകും. 14 സ്ഥാനാർഥികളാണ് നിലവിലുള്ളത്. ഡമ്മി പത്രികകൾ പിൻവലിക്കുന്നതോടെ സ്ഥാനാർഥികളുടെ എണ്ണം ഇനിയും കുറയും. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ ഇന്ന് യുഡിഎഫ് വേദികളിൽ പ്രചാരണത്തിൽ എത്തും.
നാമനിർദേശ പത്രിക പിൻവലിക്കാൻ ഒരു പകൽ മാത്രം ബാക്കി നിൽക്കുമ്പോൾ പി വി അൻവർ പത്രിക പിൻവലിക്കുമോയെന്നതിലാണ് ആകാംക്ഷ. ജീവനുണ്ടെങ്കിൽ പത്രിക പിൻവലിക്കില്ലെന്ന് അൻവർ പറഞ്ഞിട്ടുണ്ടെങ്കിലും പരസ്യ പ്രചാരണത്തിന് ഇതുവരെ ഇറങ്ങാത്തതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ നിലനിർത്തുന്നത്. പത്രിക പിൻവലിക്കാൻ സമ്മർദമുണ്ടെന്ന് പറഞ്ഞ അൻവർ പല ഉന്നത നേതാക്കളും ഇപ്പോഴും ചർച്ച നടത്തുണ്ടെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടി എം സി സ്ഥാനാർത്ഥിയായി അൻവർ സമർപ്പിച്ച പത്രിക തള്ളിയെങ്കിലും സ്വതന്ത്രനായി നൽകിയ പത്രിക അംഗീകരിച്ചിരുന്നു.
അതേ സമയം ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ ഒട്ടേറെ സംസ്ഥാന നേതാക്കൾ നിലമ്പൂരിൽ ക്യാംപ് ചെയ്താണ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. യുഡിഎഫും എൽഡിഎഫും പ്രചാരണ കൺവെൻഷൻ നടത്തിയ അതേ പന്തലിൽ തന്നെയാണ് ബിജെപിയുടെ കൺവെൻഷനും.