ganesh-kumar-ksrtc

രാജിവയ്ക്കില്ലെന്ന് മാധ്യമങ്ങളോട് തുറന്നുപറഞ്ഞ് മന്ത്രി  ഗണേഷ് കുമാര്‍. രാജിയുണ്ടോ എന്ന ചോദ്യത്തിന് എന്തിന് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് എല്ലാം നിങ്ങള്‍ ഊഹിച്ചെടുക്കുന്നതല്ലേ എന്നായിരുന്നു മന്ത്രിയുടെ മറുപടി. 

രാജിയെക്കുറിച്ചുള്ള ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ആ അഭ്യൂഹം നിങ്ങള്‍ക്കുമാത്രമാണെന്നും  എനിക്കും ജനങ്ങള്‍ക്കുമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പ്രതികരണം ആരാഞ്ഞ് പിന്നാലെ വന്ന മാധ്യമപ്രവര്‍ത്തകരെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി നേരിട്ടത്.  ഇന്ന് മറ്റാരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ എന്ന് മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയ ശേഷം പൊതുപരിപാടിക്കെത്തിയപ്പോളായിരുന്നു ഗണേഷിന്റെ പ്രതികരണം. 

താന്‍ രാജിവച്ചുപോകുമെന്ന് കരുതേണ്ടെന്ന് KSRTCയുടെ പരിപാടിയിലും മന്ത്രി പറഞ്ഞു. എന്റെ ചോരകുടിക്കാന്‍ നടക്കേണ്ട. തന്റേത് വിടവാങ്ങല്‍ പ്രസംഗമെന്നും നിങ്ങള്‍ ഇത് മുന്നോട്ടുനയിക്കണമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, ഗണേഷ് കുമാര്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പെന്ന് വി.ഡി.സതീശന്‍. വെളിവാക്കപ്പെടുന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട്. രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് പിണറായി പറയട്ടെ. 2013 ല്‍ ഇതായിരുന്നില്ലല്ലോ നിലപാട്. ഗണേഷിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 

ഗണേഷ് കുമാർ ഉൾപ്പെട്ട വിവാദത്തിൽ  മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് കോർ കമ്മിറ്റി അംഗം ഷാനിമോൾ ഉസ്മാൻ. ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖ . വനിത മന്ത്രിമാരും ഇടത്  വനിതാ നേതാക്കളും എവിടെയാണ്. അവർ കൊടിയുടെ നിറം നോക്കി നിലപാട് പറയുന്നവരാണെന്നും ഷാനിമോൾ കുറ്റപ്പെടുത്തി.

ഭാര്യയോട് മാപ്പ് ഇരന്ന് രാജിയുടെ വക്കിൽ നിന്ന് തൽക്കാലം കരകയറി മന്ത്രി കെ.ബി. ഗണേഷ് കുമാർ. നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞാണ് മന്ത്രി തടിയൂരിയത്.  പ്രശ്നം പറഞ്ഞ് തീർത്തെന്ന് മനോരമ ന്യൂസിനോട് പറഞ്ഞ ബിന്ദു, നിയമനടപടികൾക്കില്ലെന്നും  വ്യക്തമാക്കി. പരാതി ഇല്ലാത്തതിനാൽ കടുത്ത നടപടികൾ വേണ്ടെന്ന് മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും തീരുമാനിച്ചു. അതേസമയം, ധാർമിക പ്രശ്നം ഉയർത്തി മന്ത്രിയെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. 

ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തുലാസിൽ ആയത് ഭാര്യ ബിന്ദു മേനോൻ നടത്തിയ വെളിപ്പെടുത്തലിലാണ്. കേവലം കുടുംബ പ്രശ്നം എന്ന ഗണേഷിന്റെ വാദം പൊളിഞ്ഞു പാളീസായതും ബിന്ദുവിന്റെ വാക്കുകളിൽ. 

അവൾക്കൊപ്പം ഹാഷ്ടാഗ് ഉയർത്തി നിൽക്കുന്ന സർക്കാറിന്റെ മുഖത്തേറ്റ അടി മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി. മന്ത്രി കുപ്പായം മാത്രമല്ല സ്ഥാനാർത്ഥിത്വവും ചോദ്യചിഹ്നമായി. പ്രശ്നം പരിഹരിക്കാൻ ഇന്നത്തെ മന്ത്രിസഭായോഗം വരെ മുഖ്യമന്ത്രി ഡെഡ്‌ലൈൻ വച്ചു. ഇതോടെ, ഹീറോയിസം വിട്ട് ഗണേശ് അനുരഞ്ജന പാത പിടിച്ചു.  രാത്രി വൈകി ബിന്ദുവിന്റെ സഹോദരിയെ ഫോണിൽ വിളിച്ച് മന്ത്രി മാപ്പിരന്നു. മന്ത്രിസഭായോഗത്തിനു മുൻപ് പ്രശ്നം പരിഹരിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഡെഡ് ലൈൻ. രാവിലെ വാളകത്തുനിന്ന് മന്ത്രിസഭായോഗത്തിനായി പുറപ്പെടുമ്പോഴും ഗണേഷിന്റെ മുഖത്ത് ആശങ്കയുടെ കനം.

ചീറിപ്പാഞ്ഞ് 50 മിനിറ്റ് കൊണ്ട് മന്ത്രിയുടെ വാഹനം തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിച്ചതോടെ, മാധ്യമങ്ങളെ ബന്ധപ്പെട്ട ബിന്ദു തന്നെ അനുരഞ്ജന വിവരം വെളിപ്പെടുത്തി. ഗണേഷ് വിളിച്ച് മാപ്പുപറഞ്ഞെന്നും ഇനി പരാതി നല്‍കാനില്ലെന്നും ബിന്ദു മനോരമ ന്യൂസ്നോട് പറഞ്ഞു. അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് തന്നെ വേദനിപ്പിച്ചതെന്നും അതിനാലാണ് വൈകാരികമായി പ്രതികരിച്ചതെന്നും ബിന്ദു കൂട്ടിച്ചേർത്തു. ഈ ആശ്വാസവാർത്ത ഉറപ്പിച്ചാണ് മന്ത്രിസഭായോഗത്തിൽ  പങ്കെടുക്കാൻ ഗണേഷിന്‍റെ വാഹനം സെക്രട്ടേറിയറ്റിന്റെ പടികടന്നത്. 

അപ്രതീക്ഷിത പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസം സർക്കാരിനും ഇടതുമുന്നണിക്കുമുണ്ട്. എന്നാൽ ധാർമികതയിൽ പിടിച്ച് പ്രതിപക്ഷം പിടിമുറുക്കിയിരിക്കുകയാണ്.

ENGLISH SUMMARY:

Transport Minister K.B. Ganesh Kumar firmly rejected calls for his resignation following a domestic dispute controversy.