പി.വി.അന്‍വറിന്‍റെ കാര്യത്തില്‍ തീരുമാനം തന്‍റെയല്ല, യുഡിഎഫിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ അന്‍വറിനെ അസോസിയേറ്റ് മെമ്പറാക്കാം എന്നു പറഞ്ഞിരുന്നു. എന്നാല്‍ അന്‍വര്‍ സ്ഥാനാര്‍ഥിക്കെതിരെ പറയുന്നത് തിരുത്താന്‍ തയാറായില്ല. ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയത് കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. അവര്‍ തന്നെ ഒടുവില്‍ പറഞ്ഞു ആ ചാപ്റ്റര്‍ ക്ലോസ് ചെയ്യാന്‍. യു.ഡി.എഫിന്‍റെ പൈതൃകമാണത്, അഭിമാനം ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും വി.ഡി.സതീശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പറയാനുള്ളത് ജനങ്ങളിലെത്തിക്കാനുള്ള അവസരമാണ്. എന്നെപ്പോലും വിസ്മയിപ്പിച്ച സംഘടനാസംവിധാനമുള്ള സ്ഥലമാണ് നിലമ്പൂര്‍. പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ കൃത്യമായി മുന്നോട്ടുപോകുന്നു. കര്‍ക്കശ നിലപാട് തന്നെ ദേഷ്യക്കാരനായി ചിത്രീകരിക്കാനിടയാക്കി. കഴിവുള്ള ഒരു രണ്ടാംനിര നേതൃത്വം കോണ്‍ഗ്രസിലുണ്ട്. വിമര്‍ശനങ്ങളെ പരസ്യമായി കാണുന്നു. എത്രസമയമാണ് എന്‍റെ പേര് പണം കൊടുത്ത് പരസ്യം നല്‍കാതെ ആവര്‍ത്തിക്കപ്പെടുന്നത്.
അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുലിനെ വ്യക്തിപരമായി ശാസിച്ചെന്നും സതീശന്‍. എന്‍റെ നേട്ടം കൂടെ യുവനിരയുള്ളതാണ്. യുവനിര മുതിര്‍ന്നവരെ ബൈപാസ് ചെയ്തു പോകണമെന്നാണ് ആഗ്രഹം. യുവനിരയെ പെരുന്തച്ചന്‍ കോംപ്ലെക്സോടെ നോക്കില്ല. കോണ്‍ഗ്രസിന് നേടാന്‍ കഴിയുന്ന പരമാവധി സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം. മലബാറില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സീറ്റുകള്‍ വര്‍ധിക്കും. യു.ഡി.എഫിന്റെ അടിത്തറ വിപുലമാക്കുന്ന വിസ്മയകരമായ പ്രഖ്യാപനം വരും. പ്രഖ്യാപനം എപ്പോഴുണ്ടാകുമെന്ന സമയം പറയാറായിട്ടില്ലെന്നും സതീശന്‍.
ബിജെപി– സിപിഎം ധാരണ നിലമ്പൂരിലുമെന്ന് വി.ഡി.സതീശന്‍. ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് കേരള കോണ്‍ഗ്രസ് അംഗമായിരുന്നില്ല. യുഡിഎഫ് വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താമെന്ന് കരുതുന്നു, അത് വിലപ്പോവില്ലെന്നും സതീശന്‍ പറഞ്ഞു.