• 13 മുതല്‍ 15 വരെ മുഖ്യമന്ത്രി നിലമ്പൂരില്‍
  • ഏഴു പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് യോഗങ്ങള്‍
  • സ്വരാജിന്‍റെ പത്രികാ സമര്‍പ്പണം ഇന്ന്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടുമെത്തും. ഈ മാസം 13,14,15 തീയതികളിലാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുക. ഏഴു പ‍ഞ്ചായത്തുകളിലെ  തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.  സ്വരാജ് ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ഥിയാണെന്നും ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് വോട്ടുചോദിക്കാമെന്നും നിലമ്പൂരിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലമ്പൂരിലൂടെ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എല്‍ഡിഎഫ് അഴിമതി സംസ്കാരം വളര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. Read More: ഇടതുപക്ഷം ചതിക്കിരയായി; മുഖ്യമന്ത്രി

അതേസമയം, എം.സ്വരാജ് ഇന്ന് നാമനിർദേശ പത്രിക നൽകും. സിപിഎം നിലമ്പൂർ ഏരിയ കമ്മറ്റി ഓഫിസിൽ നിന്ന് കാൽ നടയായാകും സ്വരാജ് പത്രിക സമർപ്പണത്തിനെത്തുക. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കൾ സ്വരാജിനെ അനുഗമിക്കും. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായത് തന്നെ അന്‍വറിന്‍റെ വഞ്ചനയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. അന്‍വറുമായി ഒരു ബന്ധവുമില്ലെന്നും നിലവില്‍ നിലമ്പൂരിലെ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണെന്നും എല്‍ഡിഎഫ് കണ്‍വീനല്‍ ടി.പി.രാമകൃഷ്ണനും പ്രതികരിച്ചിരുന്നു. അന്‍വറുമായി ഒരു ചങ്ങാത്തവും വേണ്ടെന്നാണ് പ്രാദേശിക നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. Also Read: ഉപതിരഞ്ഞെടുപ്പിന് കാരണം അന്‍വറിന്‍റെ വഞ്ചന; ഒരു ബന്ധത്തിനുമില്ല; എല്‍ഡിഎഫ്

അതിനിടെ,  തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥിയായി പി.വി.അൻവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.ചന്തക്കുന്ന് ബസ്  സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായി എത്തിയാണ്  താലൂക്ക് ഓഫിസിൽ 10  മണിയോടെ  നാമനിർദേശ പത്രിക സമർപ്പിക്കുക. പത്രിക സമർപ്പണത്തിന് ശേഷം അൻവർ പ്രചാരണങ്ങളിലേക്ക് കടക്കും. യു‍ഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവും കെ.പി.സി.സി.പ്രസിഡന്റും യുഡിഎഫ് നേതാക്കളും പങ്കെടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിനായി കോണ്‍ഗ്രസ് നേതാക്കളെ കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്തി. 

ENGLISH SUMMARY:

Kerala CM Pinarayi Vijayan will visit Nilambur on June 13–15 for the by-election campaign, attending meetings in 7 panchayats. He praised LDF candidate M. Swaraj’s clean image and reaffirmed the government’s commitment to corruption-free governance.