യുഡിഎഫ് ഘടകകക്ഷി ആക്കിയില്ലെങ്കില്‍ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി  മല്‍സരിക്കുമെന്ന് ആവര്‍‌ത്തിച്ച് പി.വി.അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനോടും നിലപാട് വ്യക്തമാക്കി. ഘടകകക്ഷി ആക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് രാഹുലിനോട് പറഞ്ഞു. യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ അൻവർ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനാണ് ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്ന് ആദ്യം പറഞ്ഞ അൻവർ ഇന്നലെ നിലപാട് മാറ്റിയിരുന്നു. 

സാധാരണക്കാരായ ജനങ്ങൾ മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞാണ് അൻവർ നിലപാട് മാറ്റിയത്. മുന്നണിയിൽ എടുക്കില്ലെന്ന് യുഡിഎഫ് നിലപാട് അറിയിച്ചതോടെയാണ് തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ അൻവർ തീരുമാനിച്ചത്. ഇനി യുഡിഎഫുമായി ഒരു ചർച്ചയ്ക്കുമില്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു.

നിലമ്പൂരിൽ മത്സരിക്കാൻ പി വി അൻവർ ഒരുങ്ങവേ, പ്രതിരോധ തന്ത്രങ്ങൾ ആലോചിച്ച് യുഡിഎഫ് . അൻവർ മത്സരിച്ചാൽ രാഷ്ട്രീമായി നേരിടുമെന്ന് പറയുമ്പോഴും വോട്ടുകൾ ഭിന്നിച്ചു പോകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം, പിണറായി വിജയനെതിരെ യുദ്ധം പ്രഖ്യാപിച്ച്, എംഎൽഎ സ്ഥാനം രാജിവച്ച് നിലമ്പൂരിനെ ഉപതിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ട അതേ അൻവർ മത്സരിക്കുന്നതിലൂടെ സിപിഎമ്മിനെ സഹായിക്കുകയാണെന്ന് ജനങ്ങളെ എളുപ്പത്തിൽ ബോധ്യപ്പെടുത്താൻ ആകുമെന്ന് കോൺഗ്രസ് കരുതുന്നു.

ENGLISH SUMMARY:

P.V. Anwar has reiterated that he will contest in the Nilambur by-election as the candidate of the Trinamool Congress if not included as a component party in the UDF. He made his position clear to Rahul Mankoottil as well. Anwar told Rahul that he would not engage in any discussions without being made a component party. After parting ways with the UDF, Anwar is preparing to submit his nomination papers on Monday. Initially, Anwar had stated that he did not have the money to contest the elections, but yesterday he changed his stance.