നിലമ്പൂരിൽ നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച യുഡിഎഫിൽ നടക്കുന്നത് കോമഡിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫ്. യുഡിഎഫ് സ്ഥാനാർഥിയോട് യുഡിഎഫുകാർക്കുപോലും താൽപര്യമില്ല.പി.വി. അൻവർ നിലപാടിൽ സ്ഥിരതയില്ലാത്തയാൾ. രാഹുൽ മാങ്കൂട്ടത്തില്ഡ അൽപ്പനാണ്. യൂത്ത് കോൺഗ്രസിന്‍റെ വ്യാജ പ്രസിഡന്‍റെന്നും രഹുൽ മാങ്കൂട്ടത്തിലിനെ വസീഫ് പരിഹസിച്ചു. നിലമ്പൂരിലേത് കെ. കുഞ്ഞാലിയെ കൊലപ്പെടുത്തിയവർക്കെതിരായ പോരാട്ടമാണെന്നും വസീഫ് പറഞ്ഞു.
നിലമ്പൂരിൽ വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പ്രതികരിച്ചു. ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരെ വിമർശിച്ച സനോജ് വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ യുഡിഎഫിന് ധൈര്യമില്ലെന്നും പറഞ്ഞു. രാഹുൽ മാങ്കൂട്ടം ആളുകളെ അധിക്ഷേപിച്ച് കളം പിടിച്ചയാൾ, അൻവർ ഇടതുപക്ഷത്തിന് ഒന്നുമല്ലെന്നും സനോജ് മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്നു നാമനിർദ്ദേശപത്രിക നൽകും. 11ന് നിലമ്പൂരില്‍ നിന്ന് ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും ഉപ വരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിക്കുക. ഇതിനു മുന്നോടിയായി ഇന്നലെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടി കല്ലറ സന്ദർശിച്ച ഷൗക്കത്ത് തിരുവനന്തപുരത്ത് എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ തൃശ്ശൂരിലെ കരുണാകരൻ സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാകും നിലമ്പൂരിൽ എത്തുക.
എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജും ഇന്ന് മണ്ഡലത്തിലെത്തും. ഷൊർണൂരിൽ നിന്ന് ട്രെയിൻ മാർഗം നിലമ്പൂരിലെത്തുന്ന സ്വരാജിന് രാവിലെ 10ന് നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ എല്‍ഡിഎഫ് വൻ സ്വീകരണം ഒരുക്കും. തുടർന്ന് റോഡ് ഷോയും ഉണ്ടാകും. നീണ്ട ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് എല്‍ഡിഎഫ് അണികൾ. അതേസമയം, നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ മൂന്നുദിവസം ശേഷിക്കെ സ്ഥാനാർഥിയെ ഉറപ്പിക്കാനാവാതെ കുഴയുകയാണ് ബിജെപി. സ്ഥാനാർഥി ചർച്ചകളുമായി ബിജെപിയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കൾ നിലമ്പൂരിൽ ക്യാംപ് ചെയ്യുന്നുണ്ട്.