തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പി.വി.അന്‍വറുമായി ചങ്ങാത്തം വേണ്ടെന്ന് പ്രാദേശിക നേതാക്കള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദേശം. യുഡിഎഫിനെതിരെ നിന്നാലും അന്‍വറിനെ അടുപ്പിക്കേണ്ടെന്നാണ് നിര്‍ദേശം. ഇടതുപക്ഷത്തോട് അടുക്കാന്‍ അന്‍വര്‍ പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം.
യുഡിഎഫിൽ അസോഷ്യയേറ്റ് അംഗമാക്കാമെന്ന തീരുമാനം അംഗീകരിക്കില്ലെന്നും ഘടകകക്ഷിയാക്കിയാൽ ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കുമെന്നുമുള്ള നിലപാടിലാണ് അന്‍വര്‍. കോൺഗ്രസ് അഖിലേന്ത്യ നേതൃത്വവുമായി തൃണമൂലും ഇക്കാര്യത്തില്‍ ചർച്ച നടത്തുന്നുണ്ട്. ചർച്ചകൾ തുടരുകയാണെന്ന് പറഞ്ഞ അൻവർ ഇന്ന് രാവിലെ 9 മണിക്ക് വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്. യു ഡി എഫ് നേതൃത്വത്തിന് തീരുമാനം എടുക്കാൻ ഇന്നലെ ഒരു ദിവസം കൂടി കാത്തിരിക്കുകയായാണെന്നാണ് അൻവർ പറഞ്ഞത്.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. ഷൊർണൂരിൽ നിന്ന് ട്രെയിൻ മാർഗം നിലമ്പൂരിലെത്തുന്ന സ്വരാജിന് രാവിലെ 10ന് എല്‍ഡിഎഫ് നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ വൻ സ്വീകരണം ഒരുക്കും. തുടർന്ന് റോഡ് ഷോയും ഉണ്ടാകും. നീണ്ട ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് അണികൾ.