പി.വി. അൻവർ നിലമ്പൂരിൽ മത്സരിച്ചാൽ അവിടെ വച്ച് കാണാമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മനോരമ ന്യൂസിനോട്. വി.ഡി. സതീശനെയും ആര്യാടൻ ഷൗക്കത്തിനെയും വിമർശിക്കുന്ന അൻവറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അൻവറിന് ഇനിയും പുനർ ചിന്തനമുണ്ടാവാം, സാമാന്യ മര്യാദ വച്ച് അൻവർ പെരുമാറണമെന്നും ആ മര്യാദ ലംഘിച്ചാൽ പ്രതികരിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി
പി.വി അൻവറുമായി ഇനി താൻ ചർച്ചയ്ക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല. നേതൃത്വത്തിന്റെ അറിവോടെയാണ് മൂന്ന് ദിവസം അനുരഞ്ജന ചർച്ച നടത്തിയത്. അൻവർ വിഷയം കോൺഗ്രസിനെ ബാധിക്കില്ലെന്നും ബിജെപി സിപിഎം വോട്ടുകച്ചവടം നടക്കില്ലെന്നും രമേശ് മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിക്കുമോ എന്നതിൽ അന്തിമ തീരുമാനം ഇന്നറിയാം. വൈകിട്ട് മഞ്ചേരിയിൽ ചേരുന്ന പ്രവർത്തക സമിതി യോഗത്തിന് ശേഷം അൻവർ നിലപാട് പ്രഖ്യാപിക്കും. ഇന്നലെ ചേർന്ന തൃണമൂൽ കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് യോഗത്തിൽ അൻവർ മത്സരിക്കണമെന്ന വികാരമാണ് ഉണ്ടായത്. യുഡിഎഫിൽ ഘടക കക്ഷിയാക്കിയാൽ മാത്രമേ ഇനി ചർച്ചയുള്ളുവെന്ന നിലപാടിലാണ് പി.വി.അൻവർ.