ഏഴര പതിറ്റാണ്ട് മുൻപ് രൂപം കൊണ്ട മുസ്ലിംലീഗിന് ആദ്യമായി രാജ്യത്ത് ഒരു ഭരണഘടനാ പദവി ലഭിക്കുന്നത് 1960 ൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പി. എസ്. പി - കോൺഗ്രസ് - സർക്കാരിലാണ്. നിയമസഭാ സ്പീക്കർ സ്ഥാനം. കെ.എം. സീതി സാഹിബ് സ്പീക്കറായി. 1961 ൽ അദ്ദേഹത്തിൻ്റെ നിര്യാണത്തെത്തുടർന്ന് സി.എച്ച്. മുഹമ്മദ് കോയ സ്പീക്കറാകാൻ തയാറെടുത്തപ്പോൾ , ലീഗിനോട് കടുത്ത ശത്രുത പുലർത്തിയിരുന്ന മലബാറിൽ നിന്നുള്ള സി.കെ. ഗോവിന്ദൻ നായർ, സി.എച്ച് മുസ്ലിം ലീഗ് അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിച്ചു. സി.എച്ചിന്‍റെ തൊപ്പി ഊരിപ്പിച്ചു എന്ന രാഷ്ട്രീയ പരാമർശത്തിൻ്റെ പിറവി അങ്ങനെയാണ്.
Congress leader K Karunakaran with muslim league leader P Seethi Haji
കോൺഗ്രസിന്‍റെ ഈ സമീപനം കൊണ്ടുതന്നെ 1966 ൽ ചേർന്ന ലീഗിന്‍റെ ദേശീയ കൗൺസിൽ അടവുനയത്തിൽ മാറ്റം വരുത്തി. 1967 ൽ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയിൽ ലീഗും ഭാഗമായി. കോൺഗ്രസുമായി ലീഗ് മൊഴി ചൊല്ലി.
കരുണാകരന്‍റെ കണ്ണിറുക്ക്, വീണ്ടും നിക്കാഹ്
1969ൽ സപ്തകക്ഷി മന്ത്രിസഭയുടെ തകർച്ചയ്ക്കുശേഷം സി. അച്യുതമേനോന്‍റെ നേതൃത്വത്തിൽ ഒരു ഇടക്കാല സർക്കാർ അധികാരത്തിൽ വന്നു. രാജ്യസഭാംഗമായിരുന്ന അച്യുതമേനോന് എംഎൽഎ ആകാൻ ഇ. ചന്ദ്രശേഖരൻ നായർ കൊട്ടാരക്കര സീറ്റ് ഒഴിഞ്ഞു. ഇതേസമയത്താണ് നിലമ്പൂർ എംഎൽഎയായിരുന്ന കെ.കുഞ്ഞാലി കൊല്ലപ്പെടുന്നത്. അങ്ങനെ 1970ൽ കൊട്ടാരക്കരയിലും നിലമ്പൂരിലും ഉപതിരഞ്ഞെടുപ്പ് വന്നു.
ദേശീയതലത്തിൽ കോൺഗ്രസ് പിളർന്ന് നിൽക്കുന്ന സമയമായിരുന്നു. കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ 'നുകം വെച്ച കാള' ആർക്കും നൽകാത്ത കാലം. കോൺഗ്രസ് (ഐ) സ്ഥാനാർഥിയായി രംഗത്തിറങ്ങിയത് എം.പി. ഗംഗാധരനാണ് . പാർട്ടി ചിഹ്നം ചോദ്യചിഹ്നമായി നിലനിന്നതിനാൽ സ്വതന്ത്രനായിട്ടാണ് ഗംഗാധരൻ നാമനിർദ്ദേശപത്രിക നൽകിയത്. ഇടതുബന്ധം ഏതാണ്ട് ഉപേക്ഷിച്ച മുസ്ലിം ലീഗ് വീണ്ടും കോൺഗ്രസുമായി അടുത്തു. എന്നാൽ കോൺഗ്രസ് സ്ഥാനാർഥിയെ പരസ്യമായി പിന്തുണയ്ക്കാൻ ലീഗിന് മടിയുണ്ടായിരുന്നു.
K KARUNAKARAN
ചിത്രംവര പഠിക്കാൻ കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് വന്ന് കേരള രാഷ്ട്രീയത്തിന്‍റെ തന്നെ ചിത്രം മാറ്റിവരച്ച ലീഡർ കെ. കരുണാകരൻ, താനുൾപ്പെടെ കേവലം ഒൻപത് എംഎൽഎമാരുമായി കളം നിറഞ്ഞ് കളിച്ചു തുടങ്ങിയ കാലം. കരുണാകരൻ തന്‍റെ രാഷ്ട്രീയ വൈഭവം പുറത്തെടുത്തു. ലീഗിന്‍റെ അധ്യക്ഷനായിരുന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങളോട് കണ്ണ് ഇറുക്കിക്കൊണ്ട് കരുണാകരൻ നയം വ്യക്തമാക്കി. എം. പി. ഗംഗാധരനെ പിന്തുണയ്ക്കണം, കോൺഗ്രസ് ചിഹ്നം ഇല്ലാത്ത സ്വതന്ത്ര സ്ഥാനാർത്ഥിയായത് കൊണ്ട് സ്വതന്ത്രനായ ഗംഗാധരനെ പിന്തുണയ്ക്കുന്നു എന്ന ലീഗിന് പറഞ്ഞു നടക്കാം, പാർട്ടി സ്ഥാനാർത്ഥിയാണെന്ന് കോൺഗ്രസ് അവകാശപ്പെടുകയും ചെയ്യും.
കരുണാകര നയത്തിൽ ലീഗ് വീണു. ഒരിക്കൽ മൊഴി ചൊല്ലിയ കോൺഗ്രസ് - ലീഗ് ദാമ്പത്യം 1970 ലെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും പൂവണിഞ്ഞു. ആ പുനർവിവാഹത്തിന്‍റെ 55-ാം വാർഷികം കൂടിയാണ് നിലമ്പൂർ ഒരിക്കൽ കൂടി ഉപതിരഞ്ഞെടുപ്പ് നേരിടുമ്പോൾ കടന്നുപോകുന്നത്.