പി.വി.അന്‍വറിനോട് അനുനയത്തിനില്ലെന്ന് യുഡിഎഫ് നേതൃത്വം. നിലമ്പൂരില്‍ നിലപാട് തീരുമാനിക്കേണ്ടത് പി.വി.അന്‍വറെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. മുന്നണിയുമായി സഹകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. അന്‍വര്‍ തീരുമാനമെടുത്തശേഷം യു.ഡി.എഫ് നിലപാടുപറയും. സ്ഥാനാര്‍ഥിയുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ ഒരുമിച്ച് മുന്നോട്ടുപോകുമെന്നും സതീശന്‍ അറിയിച്ചു. അതേസമയം, പ്രതിപക്ഷനേതാവിന്റെ വാക്കുകള്‍ കേട്ടിട്ടില്ലെന്ന് പി.വി.അന്‍വര്‍ പ്രതികരിച്ചു.
കോരിച്ചൊരിയുന്ന പെരുമഴയ്ക്കിടയിൽ നിലമ്പൂരിൽ പ്രചാരണം തുടങ്ങി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ മുഹമ്മദിന്‍റെ കബറിടത്തിൽ പ്രാര്‍ഥിച്ച് പ്രചാരണഗോദയിലേക്കിറങ്ങിയ ഷൗക്കത്ത് പി.വി.അൻവറിന്റെ ആരോപണങ്ങൾ അത്ഭുതപ്പെടുത്തിയെന്ന് മനോരമ ന്യൂസിനോട് പറഞ്ഞു.
പ്രചാരണ ദിവസങ്ങൾ കുറവാണ്. കാലാവസ്ഥയും മോശം. കുറച്ചുസമയത്തിനുള്ളിൽ കൂടുതൽ ആളുകളെ കാണാനുള്ള തിടുക്കത്തിലാണ് ആര്യാടൻ ഷൗക്കത്ത്. മുക്കട്ട പള്ളിയിൽ ആര്യാടൻ മുഹമ്മദിന്റെ കബറടത്തിൽ പ്രാർത്ഥിച്ച ഷൗക്കത്ത് വികാരാധീനനായി. കോരിച്ചൊരിയുന്ന മഴയെ രാഷ്ട്രീയത്തോട് ചേർത്തുവച്ച ശുഭപ്രതീക്ഷ പങ്കുവെച്ചു വി.എസ്. ജോയ്. സിപിഎം സ്ഥാനാർഥി എവിടെയെന്നും ജോയിയുടെ ചോദ്യം. പി.വി.അൻവറിന്റെ വിമർശനങ്ങൾക്കുള്ള മറുപടി സംസ്ഥാന നേതാക്കൾക്ക് നൽകുമെന്ന് പറഞ്ഞൊഴിഞ്ഞ ഷൗക്കത്ത്, അൻവർ ബന്ധുവാണെന്നും ആരോപണങ്ങൾ അത്ഭുതപ്പെടുത്തിയെന്നും പറഞ്ഞു. ഇതിനിടെ പാണക്കാട് എത്തിയ ഷൗക്കത്ത് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ അബ്ബാസലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. സ്ഥാനാർഥിയെ കണ്ടെത്താനായി മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നിലമ്പൂരിൽ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. ആര്യാടൻ ഷൗക്കത്തും സിപിഎം നേതൃത്വവും തമ്മിൽ ചർച്ച നടത്തിയെന്ന പി വി അൻവറിന്‍റെ ആരോപണം സിപിഎം നേതൃത്വം തള്ളി.