നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ പി.വി. അൻവറിന് അതൃപ്തി. യു.ഡി.എഫ് നേതൃത്വം തന്നോട് ചർച്ച നടത്താത്തതിലാണ് അൻവറിന്റെ അതൃപ്തിക്ക് കാരണമെന്ന് സൂചന. താൻ മത്സരിക്കാനുള്ള സാധ്യത തള്ളാനും കൊള്ളാനും ആകില്ലെന്ന് അൻവർ പ്രതികരിച്ചു. സ്ഥാനാര്‍ഥി നല്ല ചെകുത്താന്‍ ആകണം. ആരെയെങ്കിലും എം.എല്‍.എ ആക്കാന്‍ അല്ല അന്‍വര്‍ രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അൻവറിന്റെ സമ്മർദ്ദതന്ത്രത്തിന് യു.ഡി.എഫ്. വഴങ്ങിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, അൻവറുമായി നേതൃത്വം ആശയവിനിമയം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമായേക്കും.
അതേസമയം കോൺഗ്രസ് ആയിരിക്കും ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ജാതിയോ മതമോ നോക്കിയല്ല സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതെന്നും, കോൺഗ്രസുകാരനായ ഒരു യു.ഡി.എഫ്. സ്ഥാനാർത്ഥി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.