നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഷൗക്കത്തിനൊപ്പം നിലമ്പൂരില്‍ ഉയർന്ന് കേട്ട പേരാണ് ഡിഡിസി പ്രസിഡന്‍റായി വി.എസ് ജോയിയുടേത്. നിയമസഭാംഗത്വം രാജിവെച്ച ശേഷം പി.വി അൻവർ മുന്നോട്ടുവെച്ച പേരും ജോയിയുടേതായിരുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ച് വി.എസ്. ജോയ് ഫെയ്സ്ബുക്ക് കുറിപ്പും പങ്കുവച്ചു. അതേസമയം സമൂഹ മാധ്യമങ്ങളില്‍ വിഎസ് ജോയിയെ പിന്തുണയ്ക്കുന്ന പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍.
കുറെ കൂറ നേതാക്കന്മാർ കണ്ട് പഠിക്കട്ടെ ഈ മൊതലിനെ എന്നാണ് വിഎസ് ജോയിയുടെ പടവും ചേര്‍ത്ത് ജഷീറിന്‍റെ പോസ്റ്റ്. പോസ്റ്റിന് താഴെ വിഎസ് ജോയിക്ക് വലിയ പിന്തുണയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്നത്. ജോയ് ആയിരുന്നേൽ (സ്ഥാനാര്‍ഥി) ഷൌക്കത്തിന് ഇതേ അഭിപ്രായം ആയിരിക്കുമോ. പാർട്ടിയെ നെഞ്ചിലേറ്റുന്നവർ എന്നും പടിക് പുറത്ത് എന്നാണ് ഒരു കമന്‍റ്. വ്യക്തിപരമായ തീരുമാനങ്ങൾക്കപ്പുറം പാർട്ടി തീരുമാനം ആണ് വലുത് എന്ന് വിശ്വസിക്കുന്ന ഇത്തരം നേതാക്കളാണ് നമുക്കാവശ്യം എന്നാണ് മറ്റൊരു കമന്‍റ്.
അതേസമയം വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പിവി അന്‍വര്‍ ഇടഞ്ഞു നില്‍ക്കുകയാണ്. ആര്യാടൻ ഷൗക്കത്തിനോട് വ്യക്തിപരമായ പ്രശ്നമില്ലെന്നും കുടിയേറ്റ കർഷകരുള്ള മണ്ഡലമായ നിലമ്പൂരില്‍ ആ സമൂഹത്തിൽ നിന്ന് ഒരാൾ മത്സരിക്കാൻ വരുമെന്ന് കരുതിയെന്നും അന്‍വര്‍ പറഞ്ഞു. എന്നാൽ കെപിസിസി നേതൃമാറ്റത്തിലെ സാമുദായിക പ്രാതിനിധ്യം വി.എസ്. ജോയിക്ക് തിരിച്ചടിയായി എന്നാണ് വിവരം. കെപിസിസി അധ്യക്ഷനായി ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിച്ചതും തടസമായി.