നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി. എഐസിസി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.  ഷൗക്കത്തിന്‍റെ പേര് കെപിസിസി  ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് ഷൗക്കത്ത് എന്ന ഒറ്റപ്പേരിലേക്ക് പാര്‍ട്ടി എത്തിയത്. പി.വി.അന്‍വറിന്‍റെ സമ്മര്‍ദത്തിന് വഴങ്ങി സ്ഥാനാര്‍ഥിയെ മാറ്റേണ്ടെന്നും തീരുമാനമെടുത്തു. അന്‍വറിനെ അനുനയിപ്പിക്കാന്‍  ശ്രമം  തുടരും. നാളെ മുതല്‍ പ്രചാരണം സജീവമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പി.വി.അന്‍വറിനെ യുഡിഎഫിന്‍റെ ഭാഗമാക്കുമെന്ന് വി.ഡി.സതീശന്‍. അത് എങ്ങനെവേണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. തീരുമാനം ഞാന്‍ തന്നെ  പ്രഖ്യാപിക്കുമെന്നും സതീശന്‍ പറഞ്ഞു.

കെപിസിസി നേതൃമാറ്റത്തിലെ സാമുദായിക പ്രാതിനിധ്യം വി.എസ്. ജോയിക്ക് തിരിച്ചടിയായി. കെപിസിസി അധ്യക്ഷനായി ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിച്ചതും തടസമായി. പിണറായി സര്‍ക്കാരിന്റെ ഭരണവിരുദ്ധ വികാരം അളന്ന് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് തയാറാകാനുള്ള നല്ല അവസരമാണ് യുഡിഎഫിന് നിലമ്പൂ‍ര്‍. യുഡിഎഫ് മുന്നണി വിപുലീകരണത്തിനും നിലമ്പൂര്‍ കരുത്താകും. കല്ലുകടിയില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായാല്‍ പാതിവഴി കടന്നെന്ന് കണക്കുക്കൂട്ടുന്ന കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലുള്ളത് രണ്ടുപേരുകളായിരുന്നു– ആര്യാടന്‍ ഷൗക്കത്തും വി.എസ്.ജോയും.

തൃക്കാക്കരയും പുതുപ്പള്ളിയും പോലെ വൈകാരിക ഘടകങ്ങള്‍ ഇല്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാലാവസ്ഥയില്‍ നടന്ന പാലക്കാട് , ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ പോലെയുമല്ല. നിലമ്പൂരില്‍ യുഡിഎഫ് കാണുന്നത് അടിമുടി രാഷ്ട്രീയ പോരാട്ടമാണ്. നിലമ്പൂരിനെ മറന്നിരിക്കുമ്പോള്‍ പൊടുന്നന്നെ പ്രഖ്യാപിച്ചിട്ടും സുസജ്ജമെന്ന് തറപ്പിച്ചുപറയുകയാണ് നേതാക്കള്‍.

ഇടതുപക്ഷത്തെ അടിക്കാനുള്ള അന്‍വറിനോളം നല്ല വടി യു.ഡിഎഫിന് കിട്ടാനില്ല. അത് പരമാവധി പ്രയോജനപ്പെടുത്തും. എന്നാല്‍, അന്‍വറിനെ ഏത് അറ്റം വരെ പ്രതിപക്ഷം ഉള്‍കൊള്ളുമെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും. കേരളാ കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവന്ന് മുന്നണി അടിത്തറ വിപുലമാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കെ ഘടകകക്ഷികള്‍ക്കും നിലമ്പൂര്‍ നിര്‍ണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് എന്ന സെമി ഫൈനലിലൂടെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനലിന് സജ്ജമാക്കാനിരുന്ന പ്രതിപക്ഷത്തിന് ക്വാര്‍ട്ടര്‍ ഫൈനലായി വന്ന നിലമ്പൂരില്‍ ജയം മാത്രം പോര, മികച്ച റണ്‍റേറ്റോടെ ആവശ്യമാണ്.

ENGLISH SUMMARY:

Aryadan Shoukath has been announced as the UDF candidate in Nilambur. The AICC officially declared his candidature. In the Congress leadership meeting held in Kochi, the party unanimously agreed on Shoukath as the sole candidate. The decision also included not yielding to pressure from P.V. Anvar to change the candidate. Efforts to pacify Anvar will continue.