നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പി.വി.അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നതില്‍ പ്രസക്തിയില്ലെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. ഏത് ചെകുത്താന് മല്‍സരിച്ചാലും വിഷയമല്ല. യുഡിഎഫിന് നിരുപാധിക പിന്തുണയുണ്ടാകും. പിണറായിയുടെ കുടുംബാധിപത്യ രാഷ്ട്രീയം കേരളം ചര്‍ച്ച ചെയ്യുമെന്നും അന്‍വര്‍. സര്‍ക്കാരിനെ കുടുംബം കാല്‍ചുവട്ടിലിട്ട് മെതിക്കുന്നത് സഖാക്കളും കാണുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് ജനങ്ങളും പിണറായിയും തമ്മിലുള്ള ഏറ്റുമുട്ടലാകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെ ഭൂരിപക്ഷം 25,000 കടക്കുമെന്നും തന്റെ മുന്നണി പ്രവേശവുമായി തിരഞ്ഞെടുപ്പിന് ബന്ധമില്ലെന്നും അന്‍വര്‍ പ്രതികരിച്ചു.
സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിയതോടെ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് മുന്നണികളും. വി.എസ്.ജോയി, ആര്യാടന് ഷൗക്കത്ത് എന്നിവരെയുള്‍പ്പെടെയുള്ളവരെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. അതേസമയം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത് ഹൈക്കമാന്‍ഡെന്ന് ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചു. യുഡിഎഫ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ ആശയവിനിമയം തുടങ്ങിക്കഴിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു. അനുയോജ്യരായ നിരവധി ആളുകളുണ്ട്; ഏറ്റവും നല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. അന്‍വറിന്റെകാര്യം യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ അദ്ദേഹത്തെ അറിയിക്കും. അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഫലം നിലമ്പൂരില്‍ ഉണ്ടാകുമെന്ന് ഷാഫി പറമ്പിലും ഇന്നോ നാളെയോ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് കെ.മുരളീധരനും പ്രതികരിച്ചു. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയസ്ഥിതിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ഥി വൈകില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍ കുമാറും പറയുന്നു. യുഡിഎഫിന് നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് പാസ് മാര്‍ക്ക് കിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു.
അതേസമയം, വിജയ പ്രതീക്ഷകള്‍ പങ്കുവച്ച് ഇടതുമുന്നണിയും രംഗത്തുണ്ട്. സ്ഥാനാര്‍ഥിയെ ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. ഭരണത്തിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും മൂന്നാം ഇടത് സര്‍ക്കാരിലേക്കുള്ള മുന്നേറ്റത്തിന് നിലമ്പൂര്‍ വഴിതെളിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അന്‍വറിന്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥിയെ കഴിയുന്നത്രവേഗം നിശ്ചയിക്കുമെന്നും, സ്വതന്ത്രനാണോ അല്ലയോ മല്‍സരിക്കുക എന്നത് ഉടനറിയാം. അന്‍വറിന്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് ജയിക്കാവുന്ന സാഹചര്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസും ജനങ്ങളുടെ വോട്ടുകിട്ടുന്ന സ്ഥാനാര്‍ഥിയെ അവതരിപ്പിക്കുമെന്ന് മന്ത്രി പി.രാജീവും പ്രതികരിച്ചു.