പിണറായി എന്ന നാടെന്നാൽ പിണറായി വിജയനാണ്. കണ്ണൂരിലെ ഈ ഗ്രാമത്തിന് ലോകമറിയുന്ന മേൽവിലാസം ഉണ്ടാക്കിയത് വിജയൻ എന്ന പിണറായിക്കാരനാണ്.
ഇടക്കടവ് മുണ്ടയിൽ വീട്ടിൽ കോരന്റെയും കല്യാണിഅമ്മയുടെയും ഇളയ മകൻ . പിണറായി എന്ന ഗ്രാമത്തിൽ പിച്ചവച്ചു വളർന്ന്, ഒടുവിലാ നാടിൻറെ മുഖമായി മാറിയൊരാൾ. തൻറെ പ്രവർത്തികൊണ്ട് ലോകരുടെ മുന്നിൽ ജന്മനാടിന് അടയാളം ഉണ്ടാക്കിക്കൊടുത്ത നേതാവ് . പോരാട്ടവീര്യത്തിലും നേതൃപാടവത്തിലും ബാല്യം മുതൽ കഴിവ് തെളിയിച്ചിരുന്നു പിണറായിക്കാരുടെ വിജയൻ. ഇരട്ടചങ്കൻ എന്ന വിളിപ്പേര് അണികൾ ഈയടുത്ത് കൊടുത്തതാണെങ്കിൽ പണ്ടുമുതലേ അയാൾക്ക് മറ്റൊരു പേരുണ്ടായിരുന്നു. മുഖ്യസ്ഥൻ . പിണറായി ശാരദവിലാസം സ്കൂളിലെ പഠനകാലത്ത് പ്രധാന അധ്യാപകൻ ഇട്ട പേരായിരുന്നു അത്. വിദ്യാർഥികൾക്കിടയിലെ തർക്കങ്ങളിൽ മധ്യസ്ഥനായി പ്രശ്നം പരിഹരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുഖ്യസ്ഥൻ എന്ന പേര് വന്നത്. ഇന്നുമതോർക്കുന്നു അന്നത്തെ കളിക്കൂട്ടുകാരൻ അരയാക്കുനി നാണു.
തോളിൽ കയ്യിട്ടു നടന്ന , ഒരു പാത്രത്തിലുണ്ട, ഒരുമിച്ചു പോരാടിയ സൗഹൃദബന്ധമുണ്ട് നാണുവിനും വിജയനും ഇടയിൽ. കണ്ണൂരിലെ വീട്ടിൽ നിന്ന് വിളിച്ചാൽ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിൽ മറുതലയ്ക്കൽ ആ വിജയൻ ഫോണെടുക്കും . വിശേഷങ്ങൾ പങ്കുവെയ്ക്കും. ഇടക്കിടെ സൗഹൃദം പുതുക്കുന്ന സന്ദർശനവും. നാണുവിൻ്റെ ഉള്ളിലുണ്ട് വിജയനെ കുറിച്ചുള്ള ഓർമകൾ ഇന്നും . കുട്ടിക്കാലത്ത് ജ്യോത്സ്യൻ ജാതകം നോക്കി വിജയനെ കുറിച്ച് പറഞ്ഞത് ഭാവിയിൽ രാജാവാകാൻ യോഗമുണ്ടെന്നത്രേ.
പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിന് മൊട്ടിട്ടത് തലശ്ശേരി ബ്രണ്ണൻ കോളജ് മുറ്റത്താണ്. അവിടം മുതൽ തുടങ്ങിയ ചെങ്കൊടിയേന്തിയ , മുഷ്ടി ചുരുട്ടിയ പോരാട്ടം പിൽക്കാലത്ത് പിണറായിയെ എത്തിച്ചത് കേരളത്തിൻ്റെ ഭരണക്കസേരയിൽ . പിണറായി എന്നതൊരു സ്ഥലപ്പേരല്ല, ആ മനുഷ്യന്റെ പേരാണെന്ന് കരുതിയ എത്രയോ പേർ ഇന്നും പലയിടങ്ങളിലുണ്ട് . കാർക്കശ്യം നിറഞ്ഞ പെരുമാറ്റത്തിന് പിണറായി എന്ന പേരിനപ്പുറം ആ വ്യക്തിക്ക് മറ്റൊരു അടയാളം വേണ്ട.