തിരുവനന്തപുരത്തെ സ്മാര്‍ട് റോഡിന്‍റെ ക്രഡിറ്റ് തര്‍ക്കത്തില്‍ തദേശമന്ത്രി എം.ബി.രാജേഷിന് അതൃപ്തി തുടരുന്നു. നാളെ തിരുവനന്തപുരത്ത് നടക്കുന്ന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ നിന്ന് വിട്ടുനിന്നേക്കും. മന്ത്രിമാര്‍ക്കിടയിലെ ഭിന്നതയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
പരസ്യമായി ഇങ്ങിനെ പറയുമ്പോളും തദേശവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സ്മാര്‍ട് സിറ്റി കോര്‍പ്പറേഷന്‍ പണിഞ്ഞ റോഡിന് മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്‍റെയും ഫോട്ടോ മാത്രം വെച്ചതിലും നേട്ടം മുഴുവന്‍ റിയാസിന് കൊടുത്തതിലും എം.ബി.രാജേഷിന് ഇഷ്ടക്കേടുണ്ട്. സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തിന്‍റെ ഏറ്റവും വലിയ ആഘോഷമായി നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അതിന്‍റെ സൂചനയാണ്.
നേരത്തെ നിശ്ചയിച്ച മറ്റൊരു പരിപാടിയുള്ളതിനാല്‍ അതില്‍ പങ്കെടുക്കണമെന്നാണ് വിശദീകരണം. മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയെന്ന വാര്‍ത്ത ഇന്നലെ രാവിലെയാണ് വന്നത്. വാര്‍ത്ത വന്നതിന്‍റെ രണ്ടാം മണിക്കൂറില്‍ മുഖ്യമന്ത്രി നിഷേധിച്ച് വാര്‍ത്താകുറിപ്പ് ഇറക്കി.
എന്നാല്‍ പിന്നീട് എട്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഭിന്നതയില്ലെന്ന പരസ്യപ്രതികരണം രാജേഷ് നടത്തിയത്. അത്രയും വൈകിയതും അതൃപ്തിയുടെ ഭാഗമെന്നാണ് സൂചന. എന്നാല്‍ ഒരു പ്രതികരണത്തിനും മുഹമ്മദ് റിയാസ് തയാറായിട്ടില്ല. അതിനിടെ മന്ത്രിമാര്‍ക്കിടയിലെ ഭിന്നത ഇനിയും മൂക്കുമെന്നാണ് പ്രതിപക്ഷ പ്രതീക്ഷ.