കേരളം കടക്കെണിയിലാണെന്നു ചിലര്‍ പ്രചാരണം നടത്തുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണരീതിയാണിത്. നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള കൊല്ലം ജില്ലാതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സമസ്ത മേഖലയിലും സര്‍ക്കാര്‍ മുന്നേറിയെന്നും, കടക്കെണിയാണെന്നുള്ളത് തെറ്റായ പ്രചാരണരീതിയാണെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി. സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന നാടായി കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയെടുത്തെന്നും അവകാശപ്പെട്ടു.
നേരത്തെ ജില്ലാതല പരിപാടിക്കെതിരെ കരിങ്കൊടി കാണിച്ചവര്‍ പോലും ഇപ്പോഴതില്‍ നിന്നു പിന്‍മാറിയത് ജനപ്രീതി കണ്ടിട്ടാണെന്നും പ്രതിപക്ഷത്തെ ചൂണ്ടി മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിനു വേണ്ടതുള്‍പ്പെടെ സംസ്ഥാനത്തിനു വേണ്ട കേന്ദ്ര വിഹിതം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആഭ്യന്തര, തനതു വരുമാനം വര്‍ധിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെത്തിയ മുഖ്യമന്ത്രി പൗര പ്രമുഖന്‍മാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ ഭാവി കേരളത്തിനു ഗുണപ്രദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.