സംസ്ഥാനത്തെ വന്യജീവി പ്രശ്നം പരിഹരിക്കാന്‍ നായാട്ട് വേണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം സംസ്ഥാന സര്‍ക്കാരിന്‍റേതാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. യുഎഡിഎഫ് വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി.
മനുഷ്യന്‍റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാൻ കേന്ദ്ര അനുമതി തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തിയത്. വന്യമൃഗങ്ങൾ കൂടുന്നതിന് നായാട്ടാണ് പ്രതിവിധിയെന്നും ഇതിന് നിയമസാധുത ഇല്ലാത്തതിനാലാണ് കേന്ദ്രത്തെ സമീപിച്ചതെന്നും പിന്നാലെ വിശദീകരണവും വന്നു. ആനയെയും കടുവയെയും വേട്ടയാടാൻ നിലവിലെ കേന്ദ്ര നിയമം അനുവദിക്കാത്തതിനാൽ സമാന്തര വഴിതേടാനാണ് സർക്കാർ നീക്കമെന്നാണ് വിലയിരുത്തല്‍. കേരളത്തിനു മാത്രമായി ഒരു വന്യമൃഗ സംരക്ഷണ നിയമം ഉണ്ടാക്കാനാവുമോ എന്ന് സർക്കാർ എജിയോട് അഭിപ്രായം തേടിയിരുന്നു.
കേരളത്തിൽ മനുഷ്യരുമായി സംഘർഷത്തിൽ വരുന്ന മൃഗങ്ങളിൽ ആനയും കടുവയുമുണ്ട്. അതീവ സംരക്ഷിത ഇനത്തിൽപെട്ട ഇവയെ വേട്ടയാടാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യത ഇല്ല. കടുവ ദേശീയ മൃഗവുമാണ്. മാത്രമല്ല, ആനയെയും കടുവയെയും കൊല്ലുന്നത് രാജ്യാന്തര തലത്തില്‍ കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്യും. എണ്ണം കൂടിയതിന്‍റെ പേരില്‍ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നത് പോലെയല്ല കാര്യമെന്ന് സാരം. എന്നാല്‍ മലയോര മേഖലയിൽ മനുഷ്യ ജീവൻ നഷ്ടപ്പെടാതെ എന്ത് ചെയ്യാനാവും എന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ബാക്കിയാവുകയുമാണ്.