കോണ്‍ഗ്രസിന്റെ ജാതകം തെളിയാന്‍ നല്ല് ദിക്ക് നോക്കി പുതിയ കെ.പി.സി.സി പ്രസിഡന്റ്. ദിക്ക് തെളിയാന്‍ കസേര വടക്കോട്ട് പിടിച്ചിരിക്കുകയാണ് പുതിയ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. തെക്ക് വശത്തോക്ക് നോക്കിയായിരുന്നു കെ.സുധാകരന്‍റെ ഇരിപ്പ്. പറഞ്ഞു വന്നത് കെ.പി.സി.സി ഓഫീസായ ഇന്ദിരാഭവനില്‍ പ്രസിഡന്‍റിന്‍റെ ഓഫീസ് മുറിക്കുള്ളില്‍ ഇരിപ്പിടത്തിന് വന്ന മാറ്റത്തെക്കുറിച്ചാണ്. ഇത്തവണയും കസേര മാറിയത് രാശി നോക്കിയാണെന്നാണ് വിവരം.
മൂന്നുമുറികള്‍ അടങ്ങിയതാണ് ഇന്ദിരാഭവനില്‍ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഓഫീസ്. ആദ്യ മുറിയിലാണ് പ്രസിഡന്‍റിന്‍റെ പ്രൈവറ്റ് സെക്രട്ടറിയും പേഴ്സണല്‍ സ്റ്റാഫും ഇരിക്കുന്നത്. അവിടെ നിന്ന് നേരെ പ്രവേശിക്കുന്നത് പ്രസിഡന്‍റിന്‍റെ ഓഫീസിലേക്കാണ്. ഓഫീസിനുള്ളില്‍ രഹസ്യചര്‍ച്ചകള്‍ക്ക് മറ്റൊരു മുറിയുമുണ്ട്. പറയാന്‍ വന്നത് പ്രസിഡന്റ് മുറിയില്‍ കസേരയ്ക്ക് വന്ന മാറ്റങ്ങളെക്കുറിച്ചാണ്. ഇക്കാലത്തിനിടയില്‍ തെക്കോട്ടും കിഴക്കോട്ടും വടക്കോട്ടും മാറി മാറി ഇരുന്ന് പരീക്ഷിച്ചിട്ടുണ്ട് ആ കസേര. പരീക്ഷിക്കാത്ത ഒരു ദിക്ക് പടിഞ്ഞാറാണ്.
20 വര്‍ഷം മുന്‍പ് കെ.മുരളീധരന്‍ കെ.പി.സി.സി അധ്യക്ഷനായിരിക്കെ പണിക്കഴിപ്പിച്ച പുതിയ ഇന്ദിരാഭവനിലിരിക്കാന്‍ അന്ന് പാര്‍ട്ടി വിട്ടുപോയ മുരളിക്ക് കഴിഞ്ഞില്ല. അവിടെ ഇരിക്കാന്‍ ഭാഗ്യം കിട്ടിയ ആദ്യ പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്. ഒന്നല്ല, ഒന്‍പത് വര്‍ഷമിരുന്നു. അന്ന് ചെന്നിത്തല ഇരുന്നത് വടക്കോട്ട് നോക്കിയാണ്. പിന്‍ഗാമിയായി വന്ന വി.എം.സുധീരനും അതേ മാതൃക പിന്തുടര്‍ന്നു. ഓഫീസിലേക്ക് കയറി വരുന്നവരെ പ്രസിഡന്റിന് കാണാമെന്നതാണ് വടക്കോട്ട് ഇരുന്നാലുള്ള പ്രത്യേകത.
മുറി വേണ്ടെന്ന് വച്ചത് മുല്ലപ്പള്ളി
സുധീരന്‍റെ പിന്‍ഗാമിയായി വന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ രാശി നോക്കിയപ്പോള്‍ പുതിയ കെട്ടിടത്തിലും മുറിയിലും രാശിയില്ലെന്ന് കണ്ടെത്തി. സി.വി.പത്മരാജനും എ.കെ.ആന്റണിയും വയലാര്‍ രവിയും തെന്നല ബാലകൃഷ്ണപിള്ളയും കെ.മുരളീധരനുമൊക്കെ ഇരുന്ന പഴയ കെട്ടിടത്തിലെ ഒന്നാം നിലയിലെ ഓഫീസില്‍ രാശി കണ്ട മുല്ലപ്പള്ളി അവിടേക്ക് മാറി. ചോദിച്ചപ്പോള്‍ പഴമയോടാണ് പ്രിയമെന്ന് പറഞ്ഞ് തടിതപ്പി. ഈ കാലയളവില്‍ പുതിയ ഓഫീസിലെ പ്രസിഡന്‍റിന്‍റെ മുറി ആര്‍ക്കും കൊടുക്കാന്‍ മുല്ലപ്പള്ളി തയാറായില്ലെന്നത് പ്രത്യേകം ഓര്‍ക്കണം. പൂട്ടിട്ട് താക്കോല്‍ ഭദ്രമായി അരയില്‍ തന്നെ സൂക്ഷിച്ചു.
കൂടോത്രം കണ്ടെത്തിയ സുധാകരന്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പിന്‍ഗാമിയായി കെ.സുധാകരന്‍ അമരത്ത് വന്നപ്പോള്‍ അനുഭവപ്പെട്ട പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ഇരിപ്പിടത്തിന്‍റെ ചലനമാണ്. പുതിയ ഓഫിസിലേക്ക് തന്നെ സുധാകരന്‍ മാറി. ആദ്യത്തെ കുറച്ച് ദിവസം മുന്‍ഗാമികളെപോലെ വടക്കോട്ട് നോക്കിയിരുന്നു. പിന്നെ ആരോ ഉപദേശിച്ചു. നല്ലത് കിഴക്കോട്ട് നോക്കിയിരിപ്പാണെന്ന്. അങ്ങനെ കസേര വീണ്ടും മാറി. അങ്ങനെയിരിക്കുമ്പോള്‍ ആണ് കെ.സുധാകരന്‍റെ കണ്ണൂരിലെ വസതിയില്‍ കൂടോത്ര വസ്തുക്കള്‍ കണ്ടെത്തുന്നതും വലിയ വിവാദമാകുന്നതും. വിവാദം കത്തിപ്പടരുമ്പോഴാണ് സമാനമായ വസ്തുക്കള്‍ കെപിസിസി ഓഫീസിലും പ്രസിഡന്‍റിന്‍റെ കസേരയ്ക്ക് അടിയിലും വരെ കണ്ടെത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നത്. പരിഹാരക്രിയയുടെ ഭാഗമായി സുധാകരന്‍ കസേര വീണ്ടും മാറ്റി പരീക്ഷിച്ചു. കസേര തെക്കുവശത്തേക്ക് നോക്കിയിരിക്കുന്ന രീതിയിലാക്കി.
ഇതിനിടയില്‍ സുധാകര കാലത്ത് ഒരു രസകരമായ സംഭവവുമുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുധാകരന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ എം.എം.ഹസനെ ചുമതലയേല്‍പ്പിച്ചിരുന്നു. അന്ന് സുധാകരനോട് ചോദിക്കാതെ ഹസന്‍ കസേര സ്വന്തം ഇഷ്ടപ്രകാരം വടക്കോട്ട് മാറ്റിയിട്ടു. ഹസന്‍ ചുമതലയൊഴിയാതെ വന്നത് അതിനെക്കാള്‍ ഏറെ വിവാദമായിരുന്നു.
സണ്ണിക്ക് വടക്ക് മതി
പുതിയ അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റപ്പോള്‍ തെക്കില്‍ രാശി പോരെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടെന്നാണ് വിവരം. രാശി നോക്കി കസേര വടക്കോട്ട് പിടിച്ചിരിക്കുകയാണ് സണ്ണി ജോസഫ്. കസേര മാറിയിട്ടത് ഗുണമായോയെന്ന് അറിയണമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പ്ഫലം വരെ കാത്തിരിക്കേണ്ടിവരും.