രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് നാളെ നാലാം പിറന്നാള്‍. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം കഴിഞ്ഞ് നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങുന്ന തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്കാണ് നാലാം പിറന്നാള്‍ വഴിതുറക്കുന്നത്. നേട്ടങ്ങളെണ്ണി പറഞ്ഞ് സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കരിദിനമായി ആചരിക്കുകയാണ് പ്രതിപക്ഷം.

മുഖ്യമന്ത്രിയുടെ സത്യപ്രതിഞ്ജ നാല് വര്‍ഷം മുന്‍പൊരു മെയ് 20നായിരുന്നു സംസ്ഥാന ചരിത്രത്തിലാദ്യമായി തുടര്‍ഭരണം നേടിക്കൊണ്ടുള്ള സത്യപ്രതിജ്ഞ. അങ്ങിനെ നോക്കിയാല്‍ പിണറായി സര്‍ക്കാരിനും പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കും നാളെ നാലാം പിറന്നാളല്ല, 9 ാം പിറന്നാളാണ്. അടുത്ത വര്‍ഷം മെയ്യിലും ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിഞ്ജയുണ്ടാവും. അത് ഇടത് പക്ഷത്ത് നിന്നോ വലത് പക്ഷത്ത് നിന്നോ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന നാളുകളിലേക്കാണ് ഇനി കടക്കുന്നത്. 

പ്രകൃതി ദുരന്തം, ആരോപണപെരുമഴ ഒടുവില്‍ തീരമണഞ്ഞ വിഴിഞ്ഞമെന്ന വികസനസ്വപ്നം..അങ്ങിനെ ആക്ഷനും ത്രില്ലറുമെല്ലാം നിറഞ്ഞതായിരുന്നു നാലാംവര്‍ഷം. വയനാട് മേപ്പാടിയിലെ ഉരുളെടുത്ത ജീവിതങ്ങളെ പച്ചപിടിപ്പിക്കുകയാണ് കഴിഞ്ഞവര്‍ഷവും വരുന്നവര്‍ഷവും സര്‍ക്കാരിന്‍റെ കടമകളിലൊന്ന്. പൂരം കലക്കലില്‍ തുടങ്ങി സ്വന്തം മുന്നണിപ്പോരാളിയായിരുന്ന പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണപെരുമഴ ഒരുവിധം കടന്ന് കൂടിയപ്പോള്‍ എല്‍.ഡി.എഫിലെ എം.എല്‍.എമാരുടെയെണ്ണം 99ല്‍ നിന്ന് 98 ആയി കുറഞ്ഞു. അതുകൊണ്ട് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അഭിമാനപ്രശ്നമായി മുന്നില്‍ നില്‍ക്കുന്നു.

 വിഴിഞ്ഞവും ദേശീയപാതയുമെല്ലാം വികസനനേട്ടമായി പറയുമ്പോള്‍ ജീവനെടുക്കുന്ന വന്യമൃഗാക്രമണവും ആരോഗ്യരംഗത്തെ വീഴ്ചകളുമെല്ലാം തലവേദനയായി തുടരുന്നു. കേരളത്തില്‍ നിന്ന് തന്നെ ജനറല്‍ സെക്രട്ടറിയെത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പഴയ കരുത്തോടെ തുടരുന്നു. ഭരണത്തില്‍ മൂന്നാം ഊഴം തേടുന്നതും ക്യാപ്ടന്‍റെ പേരില്‍ തന്നെയാവും. കുത്തഴിഞ്ഞ ആഭ്യന്തരവും കരകയറാത്ത സാമ്പത്തികവും മുരടിച്ച വികസനവും ആരോപിച്ച് പ്രതിപക്ഷവും കളംനിറഞ്ഞ് കഴിഞ്ഞു. അതുകൊണ്ട് പിറന്നാള്‍ ആഘോഷത്തേക്കാള്‍ പോരാട്ടനാളുകളാണ് ഇനി. ഒന്നരമാസത്തിന്‍റെ അകലെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, ആറാം മാസം തദേശ തിരഞ്ഞെടുപ്പ്, പിന്നാലെ അന്തിമപോരാട്ടത്തിന് വിസില്‍ മുഴങ്ങും. ഈ നിര്‍ണായക നാളുകളിലും മുഖ്യമന്ത്രിയുടെ മുന്നില്‍ ഭീഷണിയായി മകള്‍ക്കെതിരെ എസ്.എഫ്.ഐ.ഒ കേസ് തുടരുന്നു.

ENGLISH SUMMARY:

As the second Pinarayi Vijayan-led government in Kerala enters its fourth year, the term has been marked by major natural disasters, intense political controversies, and ambitious development dreams. The government's journey has been shaped by both commendable achievements and sharp criticisms.