പാർട്ടി ഓഫിസിൽ തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ വീണ്ടും വിശദീകരണവുമായി മുൻ മന്ത്രി ജി.സുധാകരൻ. പ്രസംഗ തന്ത്രം എന്ന പേരിൽ നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചതെന്നാണ് പുതിയ വിശദീകരണം. ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരെ ഒരു മാസം കഴിഞ്ഞ് കേസെടുത്ത പൊലീസ്, തന്‍റെ കാര്യത്തില്‍ മൂന്നുദിവസത്തിനകം കേസെടുത്തെന്നും സുധാകരന്‍ പറഞ്ഞു.
തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇത് രണ്ടാം തവണയാണ് സുധാകരൻ വിശദീകരണവുമായി രംഗത്തുവരുന്നത്. പൊലീസ് തിടുക്കത്തിൽ കേസെടുത്തതിനെ സുധാകരൻ വിമർശിക്കുകയും ചെയ്തു.
തനിക്കെതിരെ കേസെടുത്തതിൽ ഗൂഢാലോചന ഉണ്ടോ എന്ന് അറിയില്ല.എന്തായാലും നല്ല ആലോചന അല്ല നടന്നിട്ടുള്ളത്. കേസെടുത്ത പൊലീസാണ് പുലിവാല് പിടിച്ചത്. താൻ ഒരു മുൻകൂർ ജാമ്യത്തിനും പോകുന്നില്ലെന്നും പൊലീസ് അറസ്റ്റ് ചെയ്യട്ടെ ജയിലിൽ പോകാൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു.
മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തെ പരോക്ഷമായി സൂചിപ്പിച്ച് രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിച്ച ആൾക്കെതിരെ എന്ത് നിയമ നടപടിയാണ് സ്വീകരിച്ചതെന്നും. ഒരു മാസം എടുത്താണ് എഫ് ഐ ആർ പോലും റജിസ്റ്റർ ചെയ്തതെന്നും സുധാകരൻ വിമർശിച്ചു.
തനിക്കെതിരായ സൈബർ ആക്രമണത്തിൽ പുന്നപ്ര പോലീസ് സ്റ്റേഷനിൽ രണ്ട് പരാതികൾ നൽകിയിരുന്നു.
അതിൽ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. സുധാകരനെതിരെ എടുത്ത കേസ് 36 വർഷം മുൻപ് നടന്ന സംഭവത്തെക്കുറിച്ചായതിനാൽ തെളിവില്ല എന്നതാണ് പ്രധാന പ്രതിസന്ധി. അന്നു തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ പ്രവർത്തിച്ച പലരും മരിച്ചു. അതു കൊണ്ട് തന്നെ തെളിവെടുപ്പും അസാധ്യമാണ്. കേസ് മുന്നോട്ടു പോകില്ല എന്നാണ് നിയമ രംഗത്തുള്ളവരും പറയുന്നത്.