സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കി. ജി.സുധാകരനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തുവന്നു. ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഒരു തരത്തിലുള്ള അട്ടിമറിക്കും സിപിഎം പങ്കാളിയായിട്ടില്ലെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
പ്രസ്താവന സുധാകരൻ തിരുത്തിയെങ്കിലും നിയമം നിയമത്തിന്റെ വഴിക്കുപോയി. 36 വർഷം മുൻപ് നടന്ന സംഭവമാണെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സുധാകരനെതിരെ സൗത്ത് പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാനിയമം ജനപ്രാതിനിധ്യ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
വോട്ടെടുപ്പിന്റെ രഹസ്യാത്മകത ലംഘിക്കൽ, ബാലറ്റ് പുറത്തേക്ക് കൊണ്ടുപോയത്, സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം തടസപ്പെടുത്തൽ , ബാലറ്റ് തിരുത്തൽ തുടങ്ങിയ ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങളാണ് എഫ്.ഐ.ആറില്‍ ഉള്ളത്. വ്യാജരേഖ ചമയ്ക്കുക, രേഖകൾ തിരുത്തുക എന്നീ കുറ്റങ്ങളാണ് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ചുമത്തിയിരിക്കുന്നത്.
36 വർഷം മുമ്പ് നടന്ന സംഭവം ആയതിനാൽ തെളിവില്ല എന്നതാണ് പ്രധാന പ്രശ്നം. സുധാകരന്റെ പ്രസംഗത്തിന്റെയും തിരുത്തൽ പ്രസംഗത്തിന്റെയും വിഡിയോ ആണ് പ്രധാന തെളിവ്. കേസിൽ സുധാകരന്റെ മൊഴി പൊലിസ് രേഖപ്പെടുത്തും. സുധാകരന്റെ വെളിപ്പെടുത്തലിനെ 1989 ലെ സ്ഥാനാർഥി കെ.വി. ദേവദാസ് തള്ളിക്കളഞ്ഞു. ഇല്ലാത്ത കാര്യത്തിന്റെ പേരിൽ എഫ്.ഐ.ആര്‍ ഇട്ടത് ശരിയായില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആര്‍.നാസർ പറഞ്ഞു.