തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ വിവാദമായതിനുപിന്നാലെ തിരുത്തുമായി മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരൻ രംഗത്ത് എത്തിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ട പ്രകാരമുള്ള നിയമനടപടികൾ തുടരും. പൊലീസ് കേസ് റജിസ്റ്റർ ചെയ്യുന്നതിൽ ഇന്ന് വൈകിട്ട് തീരുമാനമാകും. അതേസമയം സുധാകരന്‍റെ വെളിപ്പെടുത്തലിനെ 1989 ലെ സ്ഥാനാർഥി കെ.വി. ദേവദാസ് തള്ളിക്കളഞ്ഞു. സുധാകരന്‍റെ പ്രസ്താവനയിൽ അദ്ഭുതം തോന്നിയെന്ന് കെ.വി.ദേവദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
പോസ്റ്റൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും വോട്ട് ചെയ്യാത്ത പ്രവർത്തകർക്ക് ജാഗ്രത ഉണ്ടാകാൻ അൽപം ഭാവന കലർത്തി പറഞ്ഞതാണെന്നുമായിരുന്നു സുധാകരൻ ചേർത്തലയിൽ നൽകിയ തിരുത്ത്. സുധാകരന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താനും കേസെടുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ആലപ്പുഴ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജി സുധാകരന്‍റെ മൊഴി രേഖപ്പെടുത്തി. അന്വേഷണം നടത്താനും ഉചിതമായ നടപടി എടുക്കാനും ജില്ലാ കലക്ടർ പൊലീസിന് നിർദേശം നൽകി. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ സുധാകരനെതിരെ കേസെടുക്കണമോ എന്നതിൽ വൈകിട്ട് തീരുമാനമുണ്ടാകും.
വിവാദ പരാമർശം തിരുത്തിയെങ്കിലും അദ്ദേഹം നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോ തെളിവായുണ്ട്. ആദ്യം പറഞ്ഞതും തിരുത്തി പറഞ്ഞതുമായ വീഡിയോ പൊലീസ് പരിശോധിക്കും. അതേ സമയം ജി സുധാകരന്‍റെ പ്രസ്താവനയെ 1989 ലെ സ്ഥാനാർത്ഥി കെ.വി ദേവദാസ് തള്ളിക്കളഞ്ഞു. ജി സുധാകരന്‍റെ പ്രസ്താവനയിൽ അത്ഭുതം തോന്നി എന്ന് കെവി ദേവദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
സുധാകരന്‍റെ വെളിപ്പെടുത്തൽ 36 വർഷം മുൻപുള്ള സംഭവത്തെകുറിച്ച് ആയതിനാൽ തെളിവുകളുടെ അഭാവം ആണ് പ്രധാന പ്രശ്നം. വോട്ടെടുപ്പിന്‍റെ രഹസ്യാത്മകത ലംഘിക്കൽ, ബാലറ്റ് പുറത്തേക്ക് കൊണ്ടുപോയത്, സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം തടസപ്പെടുത്തൽ , ബാലറ്റ് തിരുത്തൽ തുടങ്ങിയ ജനപ്രാതിനിധ്യ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ സുധാകരന്‍റെ വെളിപ്പെടുത്തലിന്‍റെ പേരിൽ ചുമത്താനാകും.
ഈ വിഷയം വളരെ ഗൗരവതരമായ ഒരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നു. ജി. സുധാകരന്റെ വെളിപ്പെടുത്തലും അതിന് ശേഷമുള്ള തിരുത്തും, കെ.വി. ദേവദാസിന്റെ പ്രതികരണവും, തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും നടപടികളും ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.