ഓര്‍ഗനൈസറിന്‍റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ച ലേഖനം.
മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മോഹന്‍ലാലിന്‍റെ ലെഫ്റ്റനന്റ് കേണൽ റാങ്ക് പിൻവലിക്കാന്‍ ശബ്ദം ഉയരുന്നു എന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്. രാജ്യം ഭീകരതയ്ക്കെതിരെ പോരാടുന്ന സമയത്ത് മോഹൻലാലിനെ ജമാഅത്ത് ആദരിച്ചു എന്നതാണ് ഇതിന് കാരണമായി പറയുന്നത്.
എമ്പുരാൻ വിവാദത്തിന് ശേഷമാണ് മോഹന്‍ലാലിന്‍റെ ഈ നടപടിയെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ നിലവില്‍ വെബ്സൈറ്റില്‍ നിന്നും ലേഖനം പിന്‍വലിച്ചിട്ടുണ്ട്. ഗൾഫ് മാധ്യമം സംഘടിപ്പിച്ച ഷാർജ എക്സ്പോയില്‍ മോഹൻലാല്‍ പങ്കെടുത്തതിനെതിരെയാണ് ഓർഗനൈസര്‍ വിമര്‍ശിക്കുന്നത്.
നേരത്തെ എംപുരാന്‍ ചിത്രം റിലീസ് ചെയ്ത സമയത്തും ഓര്‍ഗനൈസര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് ലേഖനം ഇറക്കിയിരുന്നു.
വസ്തുതകളെ വളച്ചൊടിക്കാനും ഇസ്‌ലാമിക ഭീകരവാദത്തെ വെള്ളപൂശാനുമാണ് എംപുരാന്‍ ശ്രമിക്കുന്നതെന്നായിരുന്നു അന്നത്തെ വിമര്‍ശനം. മോഹന്‍ലാലും ഗോകുലം ഗോപാലനും സിനിമയുടെ കഥ അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാനാവില്ല. തിരക്കഥ മുഴുവന്‍ വായിക്കാതെ മോഹന്‍ ലാല്‍ അഭിനയിക്കും എന്നത് അവിശ്വസനീയമാണെന്നും നേരത്തെ വിമര്‍ശിച്ചിരുന്നു.
ഇത്തരം സിനിമയിൽ അഭിനയിക്കാനുള്ള മോഹൻലാലിന്റെ തീരുമാനം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തെ പിന്തുണച്ച ആരാധകർ ഇപ്പോൾ പ്രയാസത്തിലാണെന്നുമാണ് മറ്റൊരു ലേഖനത്തില്‍ പറഞ്ഞത്.