ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. കൊച്ചിയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റി'ന്റെ സെറ്റായിരുന്നു വേദി . പൂച്ചെണ്ട് നല്‍കി മമ്മൂട്ടി മോഹൻലാലിനെ ഷാൾ അണിയിച്ചു. ഫാൽക്കെ അവാർഡ് നേടിയതിനുശേഷം മോഹൻലാൽ ആദ്യമായാണ് മമ്മൂട്ടിയെ നേരിൽകാണുന്നത്. മഹേഷ് നാരായണൻ ചിത്രത്തിന്‍റെ അവസാന ഷെഡ്യൂൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടി - മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങളാണ് കൊച്ചിയിൽ ചിത്രീകരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം പ്രദർശനത്തിന് എത്തുക.
സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ,സി.ആർ.സലിം, ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബൻ,രമേഷ് പിഷാരടി,എസ്.എൻ.സ്വാമി,കന്നഡ നടൻ പ്രതീഷ് ബലവാടി, ക്യാമറാമാൻ മാനുഷ് നന്ദൻ തുടങ്ങിയവർ മമ്മൂട്ടി-മോഹൻലാൽ അഭിനന്ദനസംഗമത്തിന് സാക്ഷികളായി.
മമ്മൂട്ടിയും മോഹൻലാലും പതിനേഴ് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ 'പാട്രിയറ്റി'ൽ ഫഹദ് ഫാസിൽ,കുഞ്ചാക്കോ ബോബൻ,നയൻതാര,രേവതി,ദർശന രാജേന്ദ്രൻ,സെറിൻ ഷിഹാബ്,ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
1969 ൽ ആരംഭിച്ച ഫാൽക്കെ അവാർഡ് നേടുന്ന രണ്ടാമത്തെ മലയാളിയാണു മോഹൻലാൽ. നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ രാജ്യത്തെ സിനിമാരംഗത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണു 2023 ലെ ഫാൽക്കെ പുരസ്കാരം. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിനു മുൻപു ഫാൽക്കെ പുരസ്കാരത്തിന് (2004) അർഹനായ മലയാളി.