2001- കേരളം വാശിയേറിയ ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ച വർഷം. എൽഡിഎഫും യുഡിഎഫും കടുത്ത പോരാട്ടം കാഴ്ചവച്ച തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞപ്പോൾ അന്നത്തെ ഭരണമുന്നണിയായ ഇടതുപക്ഷം വെറും 40 സീറ്റിൽ ഒതുങ്ങി. യുഡിഎഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലീഡ് നേടി. 99 സീറ്റ്. ലീഡർ കെ കരുണാകരന്റെ ആശീർവാദത്തോടെ കഴക്കൂട്ടത്ത് റിബലായി മത്സരിച്ച് ജയിച്ച എം.എ. വാഹിദിനെ കൂടി കൂട്ടുമ്പോൾ യുഡിഎഫിന്റെ അക്കൗണ്ടിൽ 100 സീറ്റ്.
ഫയല്‍ ചിത്രം
അഭിപ്രായഭിന്നതകൾ എല്ലാം പറഞ്ഞൊതുക്കി ലീഡറെയും എ.കെ.ആന്റണിയെയും ഒന്നിച്ചുനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ഏറെ അഭിമാനിക്കാൻ വക നൽകുന്നതായിരുന്നു 63 സീറ്റിൽ ഒറ്റയ്ക്ക് ജയിച്ച കോൺഗ്രസിന്റെ പ്രകടനം.
തിരഞ്ഞെടുപ്പ് ഫലത്തിന്റെ മധുരം നുകർന്ന തെന്നല കാലിലേക്ക് നോക്കിയപ്പോൾ ചെരുപ്പ് ഏതാണ്ട് പൂർണ്ണമായി തേഞ്ഞൊട്ടിയിരുന്നു. മഞ്ചേശ്വരം മുതൽ പാറശാല വരെ ഓടിനടന്ന് തളർന്നതിന്റെ തെളിവായിരുന്നു ആ ചെരുപ്പ്. പുതിയൊരു ചെരുപ്പ് വാങ്ങാൻ തെന്നല തീരുമാനിച്ചു. നേരെ പുളിമൂട്ടിലെ ബാറ്റാ ഷോറൂമിലേക്ക് (ആ കെട്ടിടവും കടയും ഇന്നില്ല) വച്ചുപിടിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പന്തളം സുധാകരനും സന്തതസഹചാരിയായ നാരായണൻകുട്ടിയും തെന്നലയ്ക്ക് ഒപ്പമുണ്ടായിരുന്നു. അവിടെ നിൽക്കുമ്പോഴാണ് മുൻമന്ത്രി കൂടിയായ പന്തളം സുധാകരന്റെ മൊബൈലില്‍ ഒരു സന്ദേശം ലഭിക്കുന്നത്. അന്ന് മൊബൈൽ ഫോൺ വിപണിയിലെത്തി അധികമായിട്ടില്ല. എഐസിസി നിരീക്ഷകരായെത്തിയ ഗുലാം നബി ആസാദിനും മോത്തിലാൽ വോറയ്ക്കും തെന്നലയെ കാണണം. അടിയന്തരമായി ഗസ്റ്റ് ഹൗസിൽ എത്തണം. തെന്നലയും പന്തളം സുധാകരനും പുതിയ ചെരുപ്പ് വാങ്ങി ഗസ്റ്റ് ഹൗസിൽ എത്തി. അവിടെ തെന്നലയെ കാത്തു നിന്നത് കയ്പ്പുള്ള വാർത്തയായിരുന്നു.
K Karunakaran, G Karthikeyan, K Sankaranarayanan, Thennala Balakrishna Pillai and RameshChennithala
മൂകസാക്ഷിയായ പന്തളം ആ സംഭവം ഓർക്കുന്നത് ഇങ്ങനെ.... ‘ഗസ്റ്റ് ഹൗസിൽ എത്തിയ അവിടെ ഗുലാം നബിക്കൊപ്പം പി.സി. ചാക്കോയും കെ. മുരളീധരനും ഉണ്ട്. ഹൈക്കമാൻഡിന്റെ തീരുമാനം അറിയിക്കാൻ ഗുലാം നബിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എല്ലാവരും കൂടി അങ്ങനെ വോറയുടെ മുറിയിലെത്തി. സോണിയ ഗാന്ധി അംഗീകരിച്ച കരുണാകരൻ - ആന്റണി അനുരഞ്ജന ഫോർമുല തലതാഴ്ത്തി ഏറെ വിഷമത്തോടെ മോട്ടിലാൽ വോറ തന്നെ തെന്നലയ്ക്ക് മുമ്പിൽ അവതരിപ്പിച്ചു. എ.കെ.ആന്‍റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് കെ.മുരളീധരൻ കെപിസിസി അധ്യക്ഷനാകണം. തെന്നല പദവി ഒഴിയണം. ഹൈക്കമാൻഡിന്റെ താൽപര്യമാണ്. തെന്നല മറിച്ചൊന്നും പറഞ്ഞില്ല. ‘അതിനെന്താ ഒരു പ്രശ്നവുമില്ല’ എന്ന് തെന്നല പറഞ്ഞു.
നേരെ കെപിസിസി ഓഫീസിൽ എത്തി, ടൈപ്പിസ്റ്റിനെ വിളിച്ച് രണ്ടുവരി രാജിക്കത്ത് ടൈപ്പ് ചെയ്യിപ്പിച്ച് അതിൽ ഒപ്പിട്ട്, തെന്നല പദവിയൊഴിഞ്ഞ് തലയെടുപ്പോടെ ഇന്ദിരാഭവന്റെ പടികൾ ഇറങ്ങി. മുറിവേറ്റ ഹൃദയഭാരത്തോടെയാണോ പടിയിറക്കമെന്ന് മാധ്യമപ്രവർത്തകർ അന്ന് ചോദിച്ചപ്പോൾ, തന്നെ ആർക്കും മുറിപ്പെടുത്താൻ ആവില്ല എന്നായിരുന്നു തെന്നലയുടെ മറുപടി.
തെന്നല, കെ മുരളീധരന്‍ (ഫയല്‍)
മൂന്നുവർഷത്തിനിപ്പുറം മന്ത്രിയാകാൻ 2004ൽ കെ.മുരളീധരൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ പി.പി. തങ്കച്ചൻ താൽക്കാലിക അധ്യക്ഷനായി. അധികം വൈകാതെ തങ്കച്ചനെ മാറ്റി. അധ്യക്ഷ സ്ഥാനം വീണ്ടും തെന്നലയെ ഏൽപ്പിച്ചു. 2005 ൽ രമേശ് ചെന്നിത്തല അധ്യക്ഷനായി എത്തുന്നതുവരെ പരിഭവങ്ങളില്ലാത്ത പകരക്കാരനായ തെന്നല ആ പദവി ഒരിക്കൽ കൂടി ഭദ്രമായി കാത്തുസൂക്ഷിച്ചു.
കെപിസിസി നേതൃമാറ്റത്തിൽ കെ.സുധാകരൻ തന്റെ എതിർപ്പ് പരസ്യമാക്കുമ്പോൾ ഒരു മറുവാക്കു പോലും പറയാതെ പടിയിറങ്ങിയ തെന്നല ബാലകൃഷ്ണപിള്ളയെ എങ്ങനെ ഓർക്കാതിരിക്കും.