കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎൽഎയുടെ പേരിന് മുൻതൂക്കം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം ഉണ്ടായേക്കും. എന്നാൽ മാറ്റത്തെക്കുറിച്ച് അറിയില്ലെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും KPCC അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു.കെ സുധാകരൻ മാറണമെന്ന ഒരഭിപ്രായം കേരളത്തിലെ കോൺഗ്രസിനില്ല എന്നായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക UDF യോഗം കേരളത്തിൽ നടക്കുമ്പോൾ ഹൈക്കമാൻഡ് കെ.സുധാകരനെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത് നേതൃമാറ്റത്തിന്‍റെ അനിവാര്യത ബോധ്യപ്പെടുത്താൻ തന്നെയാണ്. ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും അടുത്തെത്തിയതിനാൽ പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാനാണ് നീക്കം. ക്രൈസ്തവ സമുദായത്തെ ഒപ്പം നിർത്താനാണ് പാർട്ടി ശ്രമിക്കുന്നത്. കത്തോലിക്ക സഭയുടെ പിന്തുണ പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫിനാണ്. K സുധാകരനും താൽപര്യമുള്ള പേരാണത്. ആന്‍റോ ആന്‍റണി എംപിയും പരിഗണനയിലുണ്ട്.
കെ സുധാകരൻ മാറണമെന്ന ഒരഭിപ്രായം കേരളത്തിലെ കോൺഗ്രസിന്നില്ല എന്നും കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ മനസിലാകുന്ന ആളായിരിക്കണം അധ്യക്ഷൻ എന്നും കെ മുരളീധരൻ. എ ഐ സി സി സെക്രട്ടറിമാരും നൽകിയ റിപ്പോർട്ടുകളിൽ നേതൃമാറ്റം നിർദേശിക്കുന്നുണ്ട്. കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞാൽ കെ സുധാകരനെ പ്രവർത്തകസമിതി ക്ഷണിതാവാക്കുന്നത് പരിഗണിച്ചേക്കും.