rahul-mamkootathil

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ മറ്റൊരു ബലാല്‍സംഗ പരാതി കൂടി. ഇരുപത്തിമൂന്നുകാരിയായ വിദ്യാര്‍ഥിനിയാണ് പ്രണയം നടിച്ച് ഹോംസ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് കെ.പി.സി.സിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇമെയില്‍ വഴി പരാതി നല്‍കിയത്. കെ.പി.സി.സി പ്രസിഡന്‍റ് പരാതി ഡി.ജി.പിക്ക് കൈമാറി. പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയാറായാല്‍ പൊലീസ് രാഹുലിനെതിരെ പുതിയ കേസെടുക്കും.

ബലാല്‍സംഗത്തിനും ഭ്രൂണഹത്യക്കും കേസെടുത്തതോടെ ഒളിവില്‍ നിന്ന് ഒളിവിലേക്ക് മുങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍തിരിച്ചടിയായാണ് പുതിയ പരാതി. ഇന്ന് ഉച്ചയ്ക്ക് 12.41നാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഇമെയിലിലേക്ക് പരാതിയെത്തിയത്. കേരളത്തിന് പുറത്ത് പഠിക്കുന്ന 23 കാരിയെന്ന് പരിചയപ്പെടുത്തിയാണ് പരാതി തുടങ്ങുന്നത്. 2023 സെപ്തംബര്‍ മുതല്‍ രാഹുലിനെ അറിയാം. ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രാഹുല്‍ പിന്നീട് ടെലഗ്രാം വഴി പ്രണയ സന്ദേശങ്ങളയച്ച് തുടങ്ങി. വിവാഹം കഴിക്കാന്‍ താല്‍പര്യവും പ്രകടിപ്പിച്ചു. ഇക്കാര്യം വീട്ടിലറിയിച്ചപ്പോള്‍ ആദ്യം എതിര്‍ത്ത വീട്ടുകാര്‍ പിന്നീട് പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് വഴങ്ങി. അതിനിടെ വിവാഹം ഉള്‍പ്പടെയുള്ള ഭാവികാര്യങ്ങള്‍ സംസാരിക്കാന്‍ നേരിട്ട് കാണണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. പഠനസ്ഥലത്ത് നിന്ന് അവധിക്ക് നാട്ടില്‍ വരുന്ന ദിവസം രാഹുല്‍ വഴിയില്‍ കാണാനെത്തി.

രാഹുലിന്‍റെ സന്തതസഹചാരിയും ഇപ്പോള്‍ അടൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‌ഥിയുമായ ഫെനി നൈനാനാണ് കാര്‍ ഓടിച്ചത്. വഴിയില്‍ നിന്നാല്‍ നാട്ടുകാര്‍ രാഹുലിനെ തിരിച്ചറിയുമെന്ന് പറഞ്ഞ് കാറില്‍ കയറ്റി ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി.അവിടെ മുറിയില്‍ കയറിയുടന്‍ ബലംപ്രയോഗത്തിലൂടെ പീഡിപ്പിച്ചു. ശാരീരികമായി ഉപദ്രവിച്ചു. പ്രണയിക്കുന്നവര്‍ തമ്മില്‍ ഇത് നോര്‍മലല്ലേയെന്ന് അന്ന് പറഞ്ഞ രാഹുല്‍ പിന്നീട് ബന്ധത്തില്‍ നിന്ന് അകന്നു. പിന്നീട് വിളിച്ചപ്പോള്‍ വിവാഹജീവിതത്തേക്കുറിച്ച് താന്‍ ആലോചിച്ചിട്ട് പോലുമില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി കോണ്‍ഗ്രസ് ഇമെയില്‍ സഹിതം ഡി.ജി.പിക്ക് കൈമാറി.

ഇക്കാര്യങ്ങള്‍ നേരത്തെ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നെങ്കിലും കേസ് കൊടുക്കാന്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ നിലവില്‍ അതിജീവിതക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപം തനിക്ക് വേദനയുണ്ടാക്കി. രാഹുലിനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന സണ്ണി ജോസഫിന്‍റെ പ്രതികരണവും കേട്ടതോടെയാണ് പരാതി നല്‍കിയതെന്നും പെണ്‍കുട്ടി പറയുന്നു. 

അതേസമയം, ബലാല്‍സംഗക്കേസില്‍ പൊലീസ് തിരയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ  കര്‍ണാടകയില്‍ ഒളിവിലെന്ന് വിവരം.  ഹൊസൂരിലെ  ബഗലൂരിലായിരുന്ന രാഹു‍ല്‍ കര്‍ണാടകയിലേക്ക് കടന്നെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. ബലാല്‍സംഗത്തിനും ഭ്രൂണഹത്യക്കും തെളിവുണ്ടെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതിനിടെ നാളെ മുന്‍കൂര്‍ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. 

ആറ് ദിവസമായി മുങ്ങിനടക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് നാളെ അതിനിര്‍ണായകമാണ്. മുന്‍കൂര്‍ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. രാഹുലിന് ഒരുകാരണവശാല്‍ ജാമ്യം നല്‍കരുതെന്ന് തെളിവ് നിരത്തി ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പൊലീസും പ്രോസിക്യൂഷനും. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ലെന്നും ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാല്‍സംഗമാണ് നടന്നതെന്നതിന് ഫോട്ടോകളടക്കം തെളിവുണ്ടെന്നാണ് പൊലീസിന്‍റെ പ്രധാന വാദങ്ങളിലൊന്ന്.

ഗര്‍ഭിണിയാകാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതിനും അതിന് ശേഷം ഭ്രൂണഹത്യക്ക് ഭീഷണിപ്പെടുത്തിയതിനും ഡിജിറ്റല്‍ തെളിവുണ്ട്. ഭ്രൂണഹത്യക്ക് മരുന്നെത്തിച്ച് നല്‍കിയത് രാഹുലിന്‍റെ സുഹൃത്താണ്. അതുകൊണ്ട് തന്നെ യുവതി സ്വയം ഭ്രൂണഹത്യക്ക് തീരുമാനിച്ചതെല്ലെന്നും പൊലീസ് പറയുന്നു. ഭ്രൂണഹത്യ നടന്നെന്നും അതിന് ശേഷം മാനസികമായി തളര്‍ന്ന യുവതി രണ്ട് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതിനും തെളിവായി മെഡിക്കല്‍ രേഖകളടക്കം കോടതിയില്‍ ഹാജരാക്കും. അതേസമയം നാളെ മുന്‍കൂര്‍ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി. തന്‍റെ സ്വകാര്യത മാനിക്കണമെന്നാണ് രാഹുലിന്‍റെ ആവശ്യം.

രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ അറസ്റ്റ് വൈകിപ്പിക്കുന്നത് കേരള പൊലീസാണെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തിരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. ശബരിമല വിഷയം ചര്‍ച്ച ചെയ്യാതിരിക്കാനാണ് രാഹുലിന്‍റെ അറസ്റ്റ് പൊലീസ് നീട്ടുന്നതെന്ന് അടൂര്‍ പ്രകാശ് തൃശൂരില്‍ പറഞ്ഞു. 

ENGLISH SUMMARY:

A fresh allegation of abuse has been raised against Palakkad MLA Rahul Mamkootathil. The complaint is from a 23-year-old woman from Bengaluru. The young woman alleges that he brutally sexually abused her after promising marriage. She submitted a complaint to the Congress leadership stating that she was called to a homestay and assaulted. The incident reportedly took place in September 2023. A copy of the complaint was also sent to KPCC President Sunny Joseph.