വഖഫ് ഭേദഗതി നിയമത്തിനെതിരായ നിയമപോരാട്ടത്തിലൂടെ ഉണ്ടാക്കിയ നേട്ടം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലടക്കം രാഷ്ട്രീയമായി ഉപയോഗിക്കാനൊരുങ്ങുകയാണ് മുസ് ലിം ലീഗ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഡ്രസ് റിഹേഴ്സല്‍ ആകാന്‍പോകുന്ന മലപ്പുറം ജില്ലയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടേണ്ടത് യുഡിഎഫിനും പ്രത്യേകിച്ച് മുസ് ലിം ലീഗിനും അനിവാര്യമാണ്.
കോഴിക്കോട് കടപ്പുറത്ത് മുസ് ലിം ലീഗ് സംഘടിപ്പിച്ച മഹാറാലിയില്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. അതിന് തൊട്ടുപിന്നാലെ സുപ്രീംകോടതിയില്‍ നിന്ന് വന്ന ഇടക്കാല ഉത്തരവ് യഥാര്‍ഥത്തില്‍ ലീഗിന്‍റെ വിജയമായി മാറി. വഖഫ് വിഷയത്തില്‍ പാര്‍ട്ടി നിലപാടാണ് ശരിയെന്ന് പ്രവര്‍ത്തകരോട് പറയാനും ഇതോടെ ലീഗ് നേതൃത്വത്തിന് സാധിച്ചു.
ഈ നേട്ടം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മുനമ്പം വിഷയത്തില്‍ ലീഗിനെതിരെ ആദ്യഘട്ടത്തില്‍ ചില മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളുടെ മുനയൊടിക്കാനും ഇതിനൊപ്പം കഴിഞ്ഞു.വിഷയത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് കൂടി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നിലമ്പൂരില്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.