മുസ്‍ലിം ലീഗിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ മുസ്‍ലിം വിരോധിയായും വർഗീയവാദിയായും ചിത്രീകരിക്കാൻ ലീഗ് ബോധപൂർവം ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി ഒരു മതത്തിനും എതിരല്ല. എന്നാൽ ലീഗിന്‍റെ തെറ്റായ നയങ്ങളെ എതിർക്കുമ്പോൾ തന്നെ വർഗീയവാദിയായി മുദ്രകുത്താനാണ് അവർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ കാറിൽ കയറ്റാതിരിക്കാൻ തനിക്ക് തീണ്ടലുണ്ടോ എന്നും, ലീഗ് നേതാക്കൾ അവരുടെ വണ്ടിയിൽ ആരെയെങ്കിലും കയറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.
മുസ്‍ലിം ലീഗ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവരാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ഉമ്മൻചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ അവർ ഹൈജാക്ക് ചെയ്തു. അധികാരത്തിലേറുമ്പോൾ ലീഗ് നേതാക്കൾക്ക് അഹങ്കാരവും മണി പവറുമാണ്. ലീഗ് കേവലം ഒരു മലപ്പുറം പാർട്ടിയാണ്. സർക്കാർ നൽകുന്ന ആനുകൂല്യങ്ങളെല്ലാം സമ്പന്നരിലേക്കാണ് ലീഗ് എത്തിക്കുന്നത്. പണമിറക്കി എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ലീഗ് ശ്രമിച്ചു. ആ നീക്കം വിജയിക്കാത്തതിനാലാണ് തന്നോട് വിദ്വേഷം കാണിക്കുന്നത്. മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്നത് മുസ്‍ലിം ലീഗാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.