സമ്മേളനങ്ങളിൽ മല്‍സരങ്ങള്‍ വിലക്കിയത് സംസ്ഥാന എക്സിക്യൂട്ടീവിൽ വിശദീകരിച്ചു സിപിഐ നേതൃത്വം. ചേരിതിരിഞ്ഞ് മത്സരിക്കാൻ ഇറങ്ങിയാൽ അനുവദിക്കാൻ ആവില്ലെന്നും സമവായം തേടണം എന്നുമാണ് സർക്കുലർ എന്ന് പാർട്ടി നേതൃത്വം വിശദീകരിച്ചു. അതേസമയം സംഘടനാ പ്രശ്നങ്ങൾ പാർട്ടിയിൽ രൂക്ഷമായിരിക്കെ രണ്ടുദിവസത്തെ സിപിഐ സംസ്ഥാന കൗൺസിലിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും.
പാർട്ടിയിലെ സമ്മേളനങ്ങളിൽ ജനാധിപത്യരീതി വെട്ടി നിരത്തി മത്സരങ്ങൾ വിലക്കുകയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ലക്ഷ്യമിട്ട പാർട്ടി നന്മ. എന്നാൽ ഇത് വിവാദമായതോടെ ഇന്നലെ ചേർന്ന് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ വിഷയം ചർച്ചയായി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. മത്സരങ്ങൾ അല്ല വിലക്കിയതെന്നും ഔദ്യോഗിക പാനലിനെതിരെ ചേരിതിരിഞ്ഞ് മറ്റൊരു പാനലായി മത്സരിക്കാൻ ഇറങ്ങുന്നതിനാണ് തടസ്സമെന്ന് ചന്ദ്രശേഖരൻ എക്സിക്യൂട്ടീവിൽ വിശദീകരിച്ചു.
അത്തരത്തിൽ മത്സരിക്കാൻ ഇറങ്ങിയാൽ സമ്മേളനം നിർത്തിവച്ച് സമവായം തേടണം എന്നതാണ് പാർട്ടി നിർദ്ദേശം എന്നും ചന്ദ്രശേഖരൻ പറഞ്ഞു. പാർട്ടി നിർദ്ദേശത്തിനു വിരുദ്ധമായി പ്രവർത്തിച്ചാൽ സംഘടനാപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് വിശദീകരണമുണ്ടായി.
പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ കെ.എ ഇസ്മയിലിനെ സസ്പെൻഡ് ചെയ്തത് ഇന്ന് ചേരുന്ന സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും. ഇസ്മയിലിനെതിരെ അനാവശ്യമായി നടപടിയെടുത്തതിൽ വിമതവിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്. ഇത് സംസ്ഥാന കൗൺസിലിൽ ഉയർന്നു വന്നേക്കും. തിരുത്തൽ ശക്തി എന്ന് തോന്നിപ്പിക്കുകയും എന്നാൽ സിപിഎമ്മിന് കീഴടങ്ങുകയും ചെയ്യുകയാണ് സിപിഐ ഇപ്പോൾ ചെയ്യുന്നതെന്ന് രൂക്ഷ വിമർശനം സമ്മേളനങ്ങളിൽ ഉണ്ടാകുന്നുണ്ട്.