എമ്പുരാന്‍ സെന്‍സറിങ്ങിൽ സെൻസർ ബോർഡിലെ ആര്‍.എസ്.എസ് നോമിനികൾക്ക് വീഴ്ചപറ്റിയെന്ന് ബിജെപി. ഇവര്‍ക്കെതിരെ സംഘടനതല നടപടിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ കോർകമ്മിറ്റിയിൽ സൂചിപ്പിച്ചു. അതേസമയം എമ്പുരാനെതിരായ പ്രചാരണം തുടരേണ്ടെന്നും നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എമ്പുരാന്‍ സിനിമയിലെ രാഷ്ട്രീയം തിരച്ചറിഞ്ഞ് തക്കസമയത്ത് വേണ്ട ഇടപെടല്‍ ഉണ്ടായില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിലെ ആര്‍.എസ്.എസ് നോമിനിമാര്‍ക്കെതിരെയുള്ള വിമര്‍ശനം. ഇവര്‍ക്ക് വീഴ്ചപറ്റി. തപസ്യ ജനറൽ സെക്രട്ടറി ജി.എം മഹേഷ് അടക്കം നാലുപേരാണ് കമ്മറ്റിയിലുണ്ടായിരുന്നത്.
ഇവര്‍ക്കെതിരെ സംഘടനതല നടപടിയുണ്ടാകുമെന്നും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ കോർകമ്മിറ്റിയിൽ സൂചിപ്പിച്ചു. ബിജെപിയുടെ നോമിനികൾ സെൻസർ ബോർഡിൽ ഇല്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ വിശദീകരിച്ചു.
അതേസമയം എമ്പുരാനെതിരായ പ്രചാരണം ബിജെപിനേതാക്കള്‍ തുടരേണ്ടതില്ലെന്നും കോർ കമ്മിറ്റി നിലപാടെടുത്തു. എമ്പുരാനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിച്ചതിനെയും രാജീവ് ന്യായീകരിച്ചു. മോഹൻലാൽ നല്ല സുഹൃത്താണ്. അതേസമയം സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.