Image Credit: Facebook

സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പരസ്യപ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാറിനെതിരായ നടപടി സംസ്ഥാന സെക്രട്ടേറിയറ്റിന് വിട്ടു. ജില്ലാകമ്മിറ്റിയുടേതാണ്തീരുമാനം. മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. 

ചതിവ്, വഞ്ചന, അവഹേളനം–52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം എന്നായിരുന്നു പത്മകുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വീണാ ജോര്‍ജിനെ സ്ഥിരം ക്ഷണിതാവാക്കിയതിലും പ്രതിഷേധമറിയിച്ച പത്മകുമാര്‍ സമൂഹമാധ്യമത്തിലെ പ്രൊഫൈല്‍ ചിത്രവും മാറ്റി കൊല്ലത്ത് നിന്നും മടങ്ങുകയായിരുന്നു. വിവാദമായതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും ചെയ്തു. 

സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമം ഉണ്ടെന്ന് മനോരമന്യൂസിനോടും അദ്ദേഹം പ്രതികരിച്ചിരുന്നു. പ്രമോഷന്‍റെ അടിസ്ഥാനം പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തിലാകണമെന്നും പാര്‍ലമെന്‍ററി രംഗത്തെ പ്രവര്‍ത്തനം മാത്രമല്ല കണക്കിലെടുക്കേണ്ടതെന്നും അദ്ദേഹം അന്ന്  വ്യക്തമാക്കിയുരുന്നു.  താന്‍ പാര്‍ട്ടി വിട്ടുപോകില്ലെന്നും എവിടെയും പോകാനുമില്ലെന്നും ഇന്നല്ലെങ്കില്‍ നാളെ തിരുത്തി,കമ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ഥ പാര്‍ട്ടിയാകുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

The CPM district committee has referred action against A. Padmakumar to the state secretariat after he publicly protested being excluded from the state committee.