യാത്രാബത്ത 11 ലക്ഷമാക്കിയെന്ന ആരോപണം തെറ്റെന്ന് ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. കേരള ഹൗസ് റസിഡന്‍റ് കമ്മിഷണറുടെകൂടി യാത്രാച്ചെലവാണ് 11 ലക്ഷമെന്നും വിശദീകരണം. രൂക്ഷവിമർശനമുന്നയിച്ച ജി.സുധാകരൻ പാവമെന്നും മറുപടി പറയുന്നില്ലെന്നും കെ.വി.തോമസ് ഡൽഹിയിൽ പറഞ്ഞു.
സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് ജി.സുധാകരനടക്കം ഉന്നയിച്ച വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും പിന്നാലെയാണ് യാത്രാബത്ത ആരോപണത്തിൽ കെ.വി.തോമസ് വ്യക്തത വരുത്തുന്നത്. യാത്രബത്ത 11 ലക്ഷമാക്കി ഉയർത്താനുള്ള നിർദേശം തനിക്കും കേരള ഹൗസ് റസിഡന്‍റ് കമ്മിഷണർക്കും വേണ്ടിയാണ്. ഓണറേറിയമായി ഒരു ലക്ഷം രൂപയാണ് ലഭിക്കുന്നത്. ബാക്കി തുക പെൻഷനായി ലഭിക്കുന്നതാണെന്നും ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി.
സംസ്ഥാനത്തിന്റെ പ്രതിനിധി, ഗ്രഹപാഠം നടത്താതെ കേന്ദ്രധനമന്ത്രിയെ കണ്ടെന്നുള്ള എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ വിമർശനത്തിൽ, ധനമന്ത്രി ചോദിച്ച ഏതുകണക്കാണ് നൽകാത്തതെന്ന് പറയട്ടെ എന്നും കെ.വി.തോമസ് പറഞ്ഞു.